തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പരിഹസിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. ഗാന്ധിജിയാണ് യഥാര്‍ത്ഥ വിശ്വപൗരനെന്ന് സുധാകരന്‍ പറഞ്ഞു. ഏതെങ്കിലും രണ്ട് രാജ്യത്ത് അംബാസിഡര്‍ ആയാല്‍ വിശ്വപൗരനെന്ന് വിളിക്കുന്നത് ശരിയല്ലെന്നും സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘാഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍.
ജവഹര്‍ലാല്‍ നെഹ്റു വിശ്വപൗരന്‍ ആയിരുന്നു. രാഷ്ട്രീയക്കാരന്‍ ആയാല്‍ സത്യം പറയാന്‍ കഴിയില്ല എന്നതാണ് അവസ്ഥയെന്നും സുധാകരന്‍ പറഞ്ഞു. ചരിത്രം വിസ്മരിക്കാനുള്ളതെന്ന ചിന്ത കേരളത്തിലും നിരവധി പേരെ സ്വാധിനിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സനാതന ധര്‍മം എന്ന് കേട്ടാല്‍ ആര്‍എസ്എസ് അല്ല. മാറ്റമില്ലാത്ത ധര്‍മങ്ങളാണ് സനാതന ധര്‍മ്മത്തിന്റെ കാഴ്ചപ്പാടെന്നും സുധാകരന്‍ പറഞ്ഞു.
അതസേമയം പരിപാടിയില്‍ പങ്കെടുത്ത ജി സുധാകരനേയും സിപിഐ നേതാവ് സി ദിവാകരനേയും പുകഴ്ത്തി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. കേരളത്തിന്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് ജി സുധാകരന്‍. സി ദിവാകരന്‍ നിയമസഭയില്‍ ഉപദേശം നല്‍കിയ ജേഷ്ഠ സഹോദരനാണ്. ഇരുവരെയും തങ്ങള്‍ക്ക് നിയമസഭയില്‍ വിമര്‍ശിക്കേണ്ടി വന്നിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. ശ്രീ നാരായണ ഗുരുവും ഗാന്ധിജിയും സഞ്ചരിച്ചത് ഒരേ വഴിയിലൂടെയാണ്. കേരളത്തിലെ സാമൂഹ്യമാറ്റത്തിന് ഗുരു തിരി കൊളുത്തി. ഗുരുവുമായും അയ്യങ്കാളിയുമായുള്ള കൂടിക്കാഴ്ച ഒരുപാട് മാറ്റം തന്നില്‍ ഉണ്ടാക്കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഗാന്ധി എഴുതി. ഗുരു-ഗാന്ധി സംഗമത്തിന്റെ സന്ദേശം വരും തലമുറയ്ക്കും പകരണം. വ്യവസ്ഥിതിക്കെതിരായ പോരാട്ടം പ്രത്യയ ശാസ്ത്രത്തിന്റെ തടവറ പ്രശ്‌നമാകില്ലെന്ന് ഇരുവരും തെളിയിച്ചുവെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
താന്‍ കോണ്‍ഗ്രസ് വേദിയില്‍ പുതിയ ആളല്ലെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ പറഞ്ഞു. ജി. സുധാകരനാണ് ഇന്നത്തെ താരം. നിയമസഭയിലെ കിറുകൃത്യം സാമാജികനാണ് വിഡി സതീശന്‍. ഇരുത്തം വന്ന നേതാവാണ് രമേശ് ചെന്നിത്തല. 28 ആം വയസില്‍ രമേശ് മന്ത്രിയായി. താന്‍ ആ പ്രായത്തില്‍ കൊടിയും പിടിച്ച് നടക്കുകയായിരുന്നെന്നും ദിവാകരന്‍ പറഞ്ഞു. ജി സുധാകരന് മുന്‍പ് തന്നെ സംസാരിക്കാന്‍ വിളിച്ചത് എന്തിനെന്നറിയാം. സുധാകരന്‍ സംസാരിച്ച് കഴിഞ്ഞാല്‍ നിങ്ങളെല്ലാം പോകുമെന്നും ദിവാകരന്‍ പറഞ്ഞു. ഗുരുവിന്റെ തത്വങ്ങള്‍ ഗുരുവിന്റെ പിന്‍ഗാമികള്‍ തന്നെ തെറ്റിക്കുന്നു. കേരളം ചര്‍ച്ച ചെയ്യുന്നത് ബ്രൂവറി വേണോ വേണ്ടയോ എന്നാണ്. പടിപടിയായി മദ്യം കുറക്കുമെന്നാണ് പറഞ്ഞത്. എവിടെ കുറയ്ക്കാനെന്നും ദിവാകരന്‍ വിമര്‍ശിച്ചു.