‘രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം…’; പിണറായിക്കൊപ്പം തരൂരിന്റെ സെല്‍ഫി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കവെ പകര്‍ത്തിയ ചിത്രമാണ് നവമാധ്യമമായ എക്‌സില്‍ തരൂര്‍ പങ്കുവെച്ചത്. ഗവര്‍ണര്‍ക്കൊപ്പമുള്ള ചിത്രവും തരൂര്‍ പങ്കുവെച്ചിട്ടുണ്ട്.

‘സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ എല്ലാ കേരള എംപിമാരെയും അത്താഴ വിരുന്നിന് വിളിച്ച ഗവര്‍ണറുടെ നടപടിയെ വളരെയധികം അഭിനന്ദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം, വികസനത്തിനായുള്ള നമ്മുടെ സംയുക്ത ശ്രമങ്ങള്‍ക്ക് ഈ അസാധാരണ നടപടി ശുഭസൂചന നല്‍കുന്നു’. തരൂര്‍ എക്‌സില്‍ കുറിച്ചു.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആദ്യമായാണ് ഇത്തരമൊരു കൂടിക്കാഴ്ച സംഘടിപ്പിക്കുന്നത്. എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി എവിടെ വരാനും തയ്യാറാണെന്നും കേരളത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് താന്‍ ബോധവാനാണെന്നും ആര്‍ലേക്കര്‍ പറഞ്ഞു. കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും ഗവര്‍ണര്‍ ആര്‍ലേക്കര്‍ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!