‘നോമ്പുകാലത്ത് ജ്യൂസ് കുടിച്ചു, ദൈവത്തോട് മറുപടി പറയേണ്ടിവരും’; ഷമിക്കെതിരെ മുസ്ലീം നേതാവ്

ബറേലി: ഐസിസി ചാംപ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനിടെ ജ്യൂസും വെളളവും കുടിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്‌ക്കെതിരെ ഓള്‍ ഇന്ത്യ മുസ്ലീം ജമാ അത്ത്. ഷമിയുടെ നടപടി ശരിയത്ത് പ്രകാരം കുറ്റകൃത്യമാണെന്നും ഇതിന് അദ്ദേഹം ദൈവത്തോട് മറുപടി പറയേണ്ടിവരുമെന്നും ഓള്‍ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്‌വി ബറേല്‍വി പറഞ്ഞു.

‘ഇസ്ലാം മത നിയമപ്രകാരം മുസ്ലീങ്ങള്‍ നോമ്പ് അനുഷ്ഠിക്കുകയെന്നത് നിര്‍ബന്ധമാണ്. ആരെങ്കിലും അത് മനഃപൂര്‍വം അനുഷ്ഠിക്കുന്നില്ലെങ്കില്‍ അത് കൊടും പാപമായി കണക്കാക്കപ്പെടുന്നു. നോമ്പ് കാലത്ത് വെള്ളം കുടിച്ച ഷമിയുടെ നടപടി ആളുകള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കും. അദ്ദേഹം അത് ചെയ്യാന്‍ പാടില്ലായിരുന്നു. ശരിയത്ത് പ്രകാരം ആയാള്‍ കുറ്റവാളിയാണ്. അതിന് അദ്ദേഹം ദൈവത്തോട് മറുപടി പറയേണ്ടിവരും’ മൗലാന ഷഹാബുദ്ദീന്‍ പറഞ്ഞു.

ചാംപ്യന്‍സ് ട്രോഫിയ്ക്കിടെ ഇത്തരം ആക്രമണത്തിന് വിധേയനാകുന്ന ആദ്യ ഇന്ത്യന്‍ താരമല്ല ഷമി. നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് രംഗത്ത് വന്നിരുന്നു. രോഹിത് ശര്‍മ തടിയെനെന്നും കായികതാരത്തിന് ചേര്‍ന്ന ശരീരപ്രകൃതിയല്ലെന്നും ഭാരം കുറയ്ക്കേണ്ടതുണ്ട് എന്നുമായിരുന്നു ഷമയുടെ വിമര്‍ശനം. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷമായിരുന്നു ഷമയുടെ പ്രതികരണം. പ്രസ്താവന വിവാദമായതിന് പിന്നാലെ ഷമ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു.

മൗലാന ഷഹാബുദ്ദീന്‍ റസ്‌വി ബറേല്‍വി നേരത്തെയും നിരവധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പുതുവത്സരം ഇസ്ലാമിക വിരുദ്ധമാണൈന്നും വിശ്വാസികള്‍ ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!