കോവളം : ബൈക്ക് യാത്രികനെ അക്രമിച്ച് ഒളിവില്‍ പോയ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. വെള്ളാര്‍ സ്വദേശികളായ അജീഷ് (35), സജി (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെന്നൂര്‍ക്കോണം സ്വദേശിയായ ബെന്‍സിഗറിനെയാണ് പ്രതികള്‍ അക്രമിച്ചത്. പ്രധാന പ്രതി സമ്പത്ത് എന്ന അനീഷ് ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫെബ്രുവരി 28 ന് പുലര്‍ച്ചെയായിരുന്നു ബൈപ്പാസിൽ വെള്ളാർ ജംഗ്ഷന് സമീപം മൂന്നംഗ സംഘം ബെന്‍സിഗറിനെ അക്രമിച്ചത്. റോഡിലിരിക്കുകയായിരുന്ന പ്രതികൾ പേപ്പർ കൊണ്ടുണ്ടാക്കിയ പന്ത് റബർ ബാൻഡ് കൊണ്ട് ബെൻസിഗറിന്‍റെ മുഖത്തേക്ക് എറിഞ്ഞു. ഇത് ചോദ്യം ചെയ്ത ബെൻസിഗറിനെ ബൈക്കില്‍ നിന്ന് തള്ളി തറയിലിട്ടു. ഹെൽമെറ്റ് വലിച്ചൂരി തലയിലും മുഖത്തും അടിച്ചു. തുടര്‍ന്ന് കോവളം പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റ ബെൻസിഗറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഒളിവിൽ പോയ സംഘത്തെ കഴിഞ്ഞ ദിവസം കോവളം പൊലീസ് പിടികൂടി.
പേപ്പർ പന്ത് മുഖത്തെറിഞ്ഞു, ചോദ്യം ചെയ്തപ്പോള്‍ ഹെല്‍മറ്റൂരി അടിച്ചു…
