ഈരാറ്റുപേട്ട : ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയെന്ന മുസ്ലീം യൂത്ത് ലീഗ് നൽകിയ കേസിൽ മുൻ എം എൽ എ യും ബിജെപി നേതാവുമായ പി സി ജോർജ്ജിനെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച രാവിലെ കോടതിയിൽ കീഴടങ്ങിയ ജോർജിനെ വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ട ശേഷം അദ്ദേഹത്തെ വീണ്ടും കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷംപാലാ സബ് ജയിലിലേക്ക് മാറ്റും.
ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്ന തിനാൽ രാവിലെ മുതൽ പി സി ജോർജിന്റെ വസതിയിലേക്ക് ബി ജെ പി നേതാക്കളും നൂറു കണക്കിന് പ്രവർത്തകരും പിന്തുണയുമായി എത്തിയിരുന്നു. രാവിലെ മുതൽ തന്നെ നിരവധി മാധ്യമ പ്രവർത്തകരും എത്തിയിരുന്നു.
എന്നാൽ രാവിലെ 11 മണിയോടെ പി സി ജോർജ് നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. അതോടെ വീട്ടിൽ കാത്തു നിന്ന പ്രവർത്തകരും, മാധ്യമ പ്രവർത്തകരും കോടതിയിൽ എത്തുകയായിരുന്നു. ഉച്ചക്ക് 12 മണിയോടെ കേസ് പരിഗണിച്ച കോടതി പ്രോസികൂട്ടർ ഇല്ലാത്തതിനാൽ ഉച്ചകഴിഞ്ഞു 2 മണിക്ക് പരിഗണിക്കാൻ മാറ്റി.
തുടർന്ന് കാഞ്ഞിരപ്പള്ളി അസി. പബ്ലിക് പ്രോസിക്യൂട്ടർ ഓൺ ലൈൻ ആയി ഹാജരായി. തുടർന്ന് വൈകിട്ട് 6 മണി വരെ പോലീസ് കസ്റ്റഡിയിൽ വിടുകയും പിന്നീട് റിമാൻഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ
ജനുവരി അഞ്ചിന് ഒരു ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ചു മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
