തിരുവനന്തപുരം: പിഎസ്‌സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വന്‍ തോതില്‍ വര്‍ദ്ധിപ്പിച്ച നടപടി അനുചിതമെന്ന് എഐവൈഎഫ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ വര്‍ഷം നാലു കോടിയുടെ അധിക ബാധ്യതയുണ്ടാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പെന്‍ഷനും മറ്റ് ക്ഷേമ പെന്‍ഷനുകളും ഉള്‍പ്പെടെ മുടങ്ങുന്ന സാഹചര്യമാണ്. ന്യായമായ വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് കൊണ്ട് വിവിധ വിഭാഗക്കാര്‍ പ്രക്ഷോഭം നടത്തുന്ന അവസരത്തിലുമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരെടുത്ത തീരുമാനം അംഗീകരിക്കാനാവില്ലെന്ന് എഐവൈഎഫ് പ്രസ്താവനയില്‍ പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്കും ആശ വര്‍ക്കര്‍മാര്‍ക്കും ഉള്‍പ്പെടെ അര്‍ഹമായ വേതന വര്‍ദ്ധനവ് നല്‍കുവാന്‍ സാധിച്ചിട്ടില്ല. ഈ സമയത്ത് ഇപ്രകാരമൊരു തീരുമാനം സര്‍ക്കാര്‍ കൈകൊള്ളുന്നത് ആശങ്ക ഉളവാക്കുന്നുവെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്മോനും വ്യക്തമാക്കി.