പഞ്ചാബില്‍ എഎപിക്ക് ഇന്ന് നിര്‍ണായകം; വിമത എംഎല്‍എമാരുമായി കെജരിവാളിന്റെ കൂടിക്കാഴ്ച…

ന്യൂഡല്‍ഹി: പഞ്ചാബില്‍ വിമത നീക്കം നടത്തുന്ന ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുമായി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ ഇന്ന് ചര്‍ച്ച നടത്തും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരോട് ഡല്‍ഹിയിലെത്താന്‍ കഴിഞ്ഞദിവസം കെജരിവാള്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

എഎപിയിലെ 30 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറെടുക്കുന്നതായി നിയമസഭ പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ് വയാണ് വെളിപ്പെടുത്തിയത്. എഎപിയിലെ വിമത എംഎല്‍എമാരുമായി നിരന്തര സമ്പര്‍ക്കം തുടരുകയാണെന്നും ബജ് വ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ബജ് വയുടെ അവകാശവാദത്തോട് പ്രതികരിക്കാന്‍ എഎപി നേതൃത്വം തയ്യാറായിട്ടില്ല. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പ്രവര്‍ത്തനരീതിയോട് അതൃപ്തിയുള്ള എംഎല്‍എമാരാണ് വിമത ഭീഷണിയുമായി രംഗത്തു വന്നത്. പഞ്ചാബില്‍ നേതൃമാറ്റം വേണമെന്നാണ് വിമത വിഭാഗത്തിന്റെ ആവശ്യം.

2022 ല്‍ നടന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ 117 സീറ്റില്‍ 92 എണ്ണം നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം പിടിച്ചത്. കോണ്‍ഗ്രസിന് 18 സീറ്റുകളാണ് ലഭിച്ചത്. ശിരോമണി അകാലിദള്‍ പാര്‍ട്ടിക്ക് മൂന്ന് എംഎല്‍എമാരുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!