വിദേശ സന്ദര്‍ശനത്തിനായി മോദി ഇന്ന് പുറപ്പെടും; ഫ്രാന്‍സില്‍ എഐ ഉച്ചകോടിയില്‍ പങ്കെടുക്കും; തുടര്‍ന്ന് അമേരിക്കയിലേക്ക്…

ന്യൂഡല്‍ഹി: വിദേശസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും. ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. ഉച്ചയ്ക്ക് ഡല്‍ഹിയില്‍ നിന്നും യാത്രതിരിക്കുന്ന മോദി വൈകീട്ടോടെ പാരീസില്‍ എത്തും. ഫ്രാന്‍സില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിയ്‌ക്കൊപ്പം ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

നാളെയാണ് (ഫെബ്രുവരി 11) ഉച്ചകോടി. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ചൈനീസ് ഉപപ്രധാനമന്ത്രി ഡിങ് സൂക്‌സിയാങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. 2023ല്‍ യുകെയിലും 2024ല്‍ ദക്ഷിണ കൊറിയയിലും നടന്ന ആഗോള ഫോറങ്ങളുടെ തുടര്‍ച്ചയായാണ് പാരീസിലെ എഐ ഉച്ചകോടി നടക്കുന്നത്.

ഉച്ചകോടിക്കു ശേഷം പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിയുമായി മോദി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കല്‍ പ്രധാന ചര്‍ച്ചയാകും. തുടര്‍ന്ന് മാര്‍സെയിലിലേക്കു പോകുന്ന പ്രധാനമന്ത്രി സ്വകാര്യ അത്താഴവിരുന്നിലും പങ്കെടുക്കും.

ഇതിനുശേഷം പ്രധാനമന്ത്രി അമേരിക്കയിലേക്ക് പുറപ്പെടും. ഫെബ്രുവരി 12,13 തിയതികളിലാണ് മോദിയുടെ യുഎസ് സന്ദര്‍ശനം.    ട്രംപുമായി വ്യാഴാഴ്ചയാണ് മോദിയുടെ കൂടിക്കാഴ്ച്ച. ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തല്‍ അടക്കമുള്ള വിഷയങ്ങള്‍ ട്രംപുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്‌തേക്കും. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റശേഷം ഇരു നേതാക്കളും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!