കേരളത്തിന് സുരേഷ് ഗോപിയെയും ജോര്‍ജ് കുര്യനെയും കൊണ്ട് ഒരു ഗുണവുമില്ല; കെ മുരളീധരന്‍

തിരുവനന്തപുരം: ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. രണ്ട് മന്ത്രിമാരെക്കൊണ്ടും കേരളത്തിന് ഒരു ഉപകാരവുമില്ല. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് കേരളത്തെ മൊത്തം അപമാനിക്കുന്നതാണെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുരേഷ് ഗോപി പറഞ്ഞത് സമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എന്താണ് ഉന്നതകുല ജാതനെന്ന് മനസിലാവുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

കിഫ് ബിയുടെ ദോഷങ്ങള്‍ അന്നുതന്നെ നിയമസഭയില്‍ ചൂണ്ടിക്കാണിച്ചതാണ്. കിഫ് ബി കൂടി ടോള്‍ പിരിക്കുന്നതോടെ കേരളം ടോള്‍ കൊടുത്ത് മുടിയും. ആളുകള്‍ക്ക് ട്രെയിനുകളെ ആശ്രയിക്കേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തരൂര്‍ പറഞ്ഞ കാര്യമേ പറയാനൂള്ളു. ബില്‍ഡിങ് പൂര്‍ത്തിയായിട്ട് പേരെ ഫര്‍ണീച്ചര്‍ വാങ്ങുന്നത്. ആദ്യം അധികാരം കിട്ടട്ടെ. എന്നിട്ടാവാം മറ്റുകാര്യങ്ങളെന്നും മുരളീധരന്‍ പറഞ്ഞു.

തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ താന്‍ പരാതി പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. വസ്തുതകള്‍ മനസിലാക്കാതെ തൃശൂരില്‍ മത്സരിച്ചതാണ് താന്‍ ചെയ്ത തെറ്റ്. ആരുടെയും തലയില്‍ കുറ്റം ചാര്‍ത്താനില്ല. അതുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെടാതിരുന്നത്. മാത്രവുമല്ല കുറേകാലമായി ഒരു റിപ്പോര്‍ട്ടിലും പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടില്ല. ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ എന്താണ് ഉള്ളതെന്ന് തനിക്ക് അറിയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് ഫെയ്ക്കാണോ മാധ്യമങ്ങള്‍ക്ക് ആരെങ്കിലും ചോര്‍ത്തി നല്‍കിയതാണോ എന്ന് തനിക്ക് അറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

നഷ്ടപ്പെട്ട സീറ്റ് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കണം. ടിഎന്‍ പ്രതാപന്‍ തന്നെ മത്സരിച്ചാല്‍ മാത്രമേ സീറ്റ് തിരിച്ചു പിടിക്കാന്‍ കഴിയുള്ളൂ എന്നാണ് വ്യക്തിപരമായ തന്റെ അഭിപ്രായമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ആരൊക്ക ചതിച്ചു എന്ന തരത്തിലേക്ക് ഇപ്പോള്‍ ചര്‍ച്ച പോയാല്‍ അത് തദ്ദേശതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!