‘നൂറിലെത്താന്‍ 46 വര്‍ഷമെടുത്തു, അടുത്ത നൂറ് അഞ്ചു വര്‍ഷം കൊണ്ട്’; അതിവേഗത്തില്‍ ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട : അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ പ്രാപ്തമെന്ന് ചെയര്‍മാന്‍ വി നാരായണന്‍. ശ്രീഹരിക്കോട്ടയില്‍ നിന്ന് നൂറാം വിക്ഷേപണം എന്ന ചരിത്ര നേട്ടത്തിലെത്തിയതിന് പിന്നാലെയാണ് വി നാരായണന്റെ പ്രതികരണം.

100 ദൗത്യങ്ങങ്ങളെന്ന നാഴികക്കല്ല് കൈവരിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് 46 വര്‍ഷമെടുത്തെങ്കിലും പുതിയ സാഹചര്യത്തില്‍ ഈ നേട്ടം കൈവരിക്കാന്‍ അഞ്ച് വര്‍ഷം മതിയെന്ന ആത്മവിശ്വാസത്തിലാണ് ഐഎസ്ആര്‍ഒ. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഐഎസ്ആര്‍ഒ 200 വിക്ഷേപണങ്ങള്‍ എന്ന നേട്ടത്തിലെത്തുമെന്നും വി നാരായണന്‍ പറഞ്ഞു.

റോക്കറ്റ് ഭാഗങ്ങള്‍ സൈക്കിളിലും കാളവണ്ടിയിലും കൊണ്ടുപോകുന്ന കാലഘട്ടത്തില്‍ നിന്ന് സഞ്ചരിച്ച് ഐഎസ്ആര്‍ഒ വാണിജ്യ വിക്ഷേപണങ്ങളിലേക്ക് നയിക്കുന്ന ലോകത്തിലെ മുന്‍നിര ബഹിരാകാശ ഏജന്‍സികളിലൊന്നിലേക്ക് എത്തി. ചന്ദ്രനിലേക്കും സൂര്യനിലേക്കും കടന്നെത്തുന്ന വിധത്തിലേക്ക് ഐഎസ്ആര്‍ഒ മാറിയതായും അദ്ദേഹം പറഞ്ഞു.

ഐഎസ്ആര്‍ഒ ആറ് തലമുറ വിക്ഷേപണ വാഹനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ആദ്യത്തേത് 1979 ലെ എസ്എല്‍വി-3 ഇ1/രോഹിണി ടെക്‌നോളജി പേലോഡ് ആയിരുന്നു. പ്രൊഫ. സതീഷ് ധവാന്റെ നേതൃത്വത്തില്‍ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം പ്രോജക്ട് ഡയറക്ടറായി പ്രവര്‍ത്തിച്ച പദ്ധതി ആയിരുന്നു അത്. നാല്‍പ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം, ഐഎസ്ആര്‍ഒ 548 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചയായും നാരായണന്‍ പറഞ്ഞു.

ഇന്നത്തെ ദൗത്യത്തിന്റെ വിജയത്തില്‍ ഭാവി പദ്ധതികളെ കുറിച്ചും വി നാരായണന്‍ പറഞ്ഞു. നാസയുമായി സഹകരിച്ചുള്ള ഐഎസ്ആര്‍ഒയുടെ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ സാറ്റലൈറ്റ് മിഷന്‍ (നിസാര്‍ ദൗത്യം) രണ്ട് മാസത്തിനുള്ളില്‍ വിക്ഷേപിച്ചേക്കും.

രണ്ട് റഡാറുകള്‍ – ഒന്ന് എല്‍ ബാന്‍ഡ് റഡാര്‍ (ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്തത്), നാസയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി വികസിപ്പിച്ച എസ് ബാന്‍ഡ് റഡാര്‍. മുഴുവന്‍ സിസ്റ്റവും യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ (ബെംഗളൂരുവില്‍) സംയോജിപ്പിച്ച് പരീക്ഷിച്ചു. യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ നിന്ന് ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകാന്‍ ഇത് തയ്യാറാണ്’ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!