വാഷിങ്ടണ്‍: ബംഗ്ലാദേശിനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തലാക്കാന്‍ അമേരിക്കയുടെ തീരുമാനം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യു എസ് എ ഐ ഡി) യുടെ പരിധിയില്‍ ബംഗ്ലാദേശില്‍ നിലവിലുള്ള എല്ലാ കരാറുകളും ഗ്രാന്റുകളും പദ്ധതികളും നിര്‍ത്തലാക്കാനാണ് ട്രംപ് സര്‍ക്കാരിന്റെ തീരുമാനം. ബംഗ്ലാദേശില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും 90 ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്.
അമേരിക്കന്‍ സാമ്പത്തിക സഹായം പൊടുന്നനെ നിലച്ചത്, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മുഹമ്മദ് യൂനുസിന്റെ കീഴിലുള്ള ഇടക്കാല ബംഗ്ലാദേശ് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. രാജ്യത്ത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇതുവഴിവെച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യുക്രൈന്‍ അടക്കം ചില രാജ്യങ്ങള്‍ക്കുള്ള സാമ്പത്തികസഹായം 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി യു എസ്. വിദേശകാര്യസെക്രട്ടറി മാര്‍ക്ക് റൂബിയോ നേരത്തെ അറിയിച്ചിരുന്നു. മറ്റുരാജ്യങ്ങളില്‍ നടപ്പാക്കിവരുന്ന സന്നദ്ധസഹായ പദ്ധതികളും വികസനപദ്ധതികളും നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിരുന്നു. യു എസിന്റെ പുതിയ വിദേശനയങ്ങളുമായി പൊരുത്തപ്പെടുന്ന സാമ്പത്തികസഹായം മാത്രം തുടരാനുള്ള പദ്ധതികളുടെ ഭാഗമാണ് നടപടി.
യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തറക്കിയ സ്റ്റോപ്- വര്‍ക്ക് ഓര്‍ഡര്‍ പ്രകാരം, യുഎസ് പിന്തുണയുള്ള ആഗോള സഹായ പദ്ധതികള്‍ക്ക് നല്‍കിവരുന്ന പിന്തുണ തടഞ്ഞു. ഇസ്രായേല്‍, ഈജിപ്ത് എന്നിവയെ മാത്രമാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. എല്ലാ വിദേശ സഹായങ്ങളും സംബന്ധിച്ച് സമഗ്ര അവലോകനം 85 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും, തുടര്‍ന്ന് പ്രസിഡന്റിന് റിപ്പോര്‍ട്ട് നല്‍കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു.