പൊതുവഴി തടസ്സപ്പെടുത്തി ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും അനുവദിക്കരുത്; ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം : പൊതുവഴി തടസ്സപ്പെടുത്തിയുള്ള ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും അനുവദിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി എസ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്‍കി.
ഇതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി പാലിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു.

വിധി കര്‍ശനമായി നടപ്പാക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തുകയാണെന്നു കാട്ടി കോടതികളില്‍ ഹര്‍ജികള്‍ വന്നതോടെയാണ് ഡിജിപിയുടെ ഇടപെടല്‍.

ഘോഷയാത്രകള്‍ റോഡിന്റെ ഒരുവശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കണം. റോഡ് പൂര്‍ണമായി തടസ്സപ്പെടുത്തിയുള്ള പരിപാടികള്‍ അനുവദിക്കില്ല. ഘോഷയാത്രകള്‍ മൂലം ജനത്തിനു വഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകരുതെന്നും ഡിജിപിയുടെ നിര്‍ദേശത്തില്‍ പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ വഴി തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയതിനെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ വഴി തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!