രാജാക്കാട് : രാജകുമാരി പഞ്ചായത്തിലെ മഞ്ഞ ക്കുഴിയിൽ ഏക്കർ കണക്കിന് നെൽകൃഷി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. വിളവെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് കർഷകർക്ക് നെഞ്ചിടിപ്പേറ്റി കാട്ടുപന്നിക്കൂട്ടത്തിൻ്റെ ആക്രമണമുണ്ടായത്.
മറ്റ് വിളകളേയും പന്നിക്കൂട്ടം നശിപ്പിക്കാറുണ്ടെന്ന് പ്രദേശത്തെ കർഷകർ പറയുന്നു. സാമ്പത്തിക ബാധ്യത കൂടുതലുണ്ടെങ്കിലും ഏതാനും കർഷകർ ലാഭ നഷ്ടം നോക്കാതെ നെൽകൃഷി ചെയ്തു വരാറുണ്ട്. അതാണിപ്പോൾ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. 60 ൽ പരം കർഷകർ നെൽകൃഷി ചെയ്തിരുന്ന ഈ പാടശേഖരങ്ങളിൽ നിലവിൽ പതിനഞ്ചോളം കർഷകർ മാത്രമാണ് കൃഷിയിറക്കുന്നത്. അതാണ് കഴിഞ്ഞ ദിവസം നൂറുകണക്കിന് കാട്ടുപന്നിക്കൂട്ടങ്ങൾ നശിപ്പിച്ചത്.
കൃഷി നശിപ്പിക്കുന്ന ക്ഷുദ്രജീവികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഇവിടുത്തെ കർഷകർ ആവശ്യപ്പെടുന്നത്. ഇതിനായി കൃഷി, വനം വകുപ്പുകളും ഗ്രാമ പഞ്ചായത്തും നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. ഇതിന് ബന്ധപ്പെട്ട വകുപ്പുകൾ തയാറായില്ലെങ്കിൽ ശക്തമായ കർഷക പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് പ്രദേശത്തെ കർഷക കൂട്ടായ്മ.