‘ചട്ടം ഇരുമ്പുലയ്ക്കയല്ല, പിണറായിക്ക് ഇളവ് നല്‍കി’; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍

കൊല്ലം: സിപിഎമ്മിലെ പ്രായപരിധി നിര്‍ബന്ധനയ്‌ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. പ്രായപരിധി തീരുമാനം ഇരുമ്പുലയ്ക്കയല്ല, 75 വയസിലെ വിരമിക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പറഞ്ഞിട്ടില്ല. ചട്ടം കൊണ്ടുവന്നവര്‍ക്ക് തന്നെ അത് മാറ്റിക്കൂടെയെന്നും സുധാകരന്‍ ചോദിച്ചു.

”വയസായതുകൊണ്ട് സ്ഥാനത്തിരിക്കാന്‍ പാടില്ലെന്ന് പറയുന്നത് പാര്‍ട്ടിക്ക് ഗുണകരമാണോയെന്ന് പരിശോധിക്കണം. ഒരു പ്രത്യേക സാഹചര്യത്തിലാണ് ഈ നിബന്ധന കൊണ്ടുവന്നത്. എല്ലാവരും അംഗീകരിക്കുകയായിരുന്നു. ചട്ടം കൊണ്ടു വന്നവര്‍ക്ക് അത് മാറ്റിക്കൂടേ എന്നും” ജി സുധാകരന്‍ ചോദിച്ചു.

”ചട്ടം ഇരുമ്പ് ഉലക്കയല്ല. പൊതുജനങ്ങള്‍ എല്ലാവരും ബഹുമാനിക്കുന്നവരെ കിട്ടാനില്ലെങ്കില്‍ എന്ത് ചെയ്യും. പറ്റിയ നേതാക്കളെ കിട്ടാതെ വന്നാല്‍ എന്തു ചെയ്യും. 75 വയസ് കഴിഞ്ഞവരെ മത്സരിപ്പിക്കണമെന്ന് ആരും പറഞ്ഞില്ല. പക്ഷേ വയസായത് കൊണ്ട് സ്ഥാനത്തിരിക്കാന്‍ പാടില്ല എന്ന് പറയുന്നത് ശരിയാണോ എന്നും” ജി സുധാകരന്‍ ചോദിച്ചു.

”ഇഎംഎസിന്റെയും എകെജിയുടെയും കാലത്തായിരുന്നെങ്കില്‍ എന്താകും അവസ്ഥ. പിണറായി വിജയന് 75 വയസ് കഴിഞ്ഞു. പക്ഷേ മുഖ്യമന്ത്രിയാകാന്‍ വേറെ ആള്‍ വേണ്ടേ. അദ്ദേഹത്തിന് ഇളവ് നല്‍കിയെന്നും” സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!