ന്യൂഡൽഹി : മേദനഹള്ളി ധന്വന്തരി കോളജ് ഓഫ് നഴ്സിംഗില്‍ നടന്ന ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇടപെട്ട് കേന്ദ്രസർക്കാർ .കോളജില്‍ നടന്ന ദുരൂഹ മരണങ്ങളെ കുറിച്ചും അനധികൃത പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ പുനരന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക പൊലീസിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
കണ്ണൂർ സ്വദേശിനി അതുല്യ ഗംഗാധരന്റെ മാതാപിതാക്കളാണ് ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത്. കർണ്ണാടക പൊലീസിന്റെ അന്വേഷണത്തില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രസഹായം തേടിയത്. കോളജിലെ ഒന്നാം വർഷ ബിഎസ്‌എസി നേഴ്സിംഗ് വിദ്യാർത്ഥിനിയുമായ അതുല്യ ഗംഗാധരനെ ഓഗസ്റ്റ് 4 നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചുവെന്നാണ് കോളജ് അധികൃതർ കുടുംബത്തെ അറിയിച്ചത്. രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനിയായിരുന്ന അഖില ഹരിയെ ഒക്ടോബർ 18 നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറ് മാസത്തിനിടെ 5 കുട്ടികളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഗൂഢസംഘമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും കോളേജ് ഉടമ കോളജ് ഉടമകളായ നീലം അഹമ്മദും ആരിഫ് അഹമ്മദും ഇവർക്ക് ഒത്താശ ചെയ്യുകയാണെന്നും കുടുംബങ്ങള്‍ ആരോപിച്ചിരുന്നു. മരണങ്ങള്‍ക്ക് പിന്നില്‍ ലൗജിഹാദാണെന്ന് സംശയവും ബന്ധുക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്.
ആന്റി റാഗിംഗ് കൂട്ടായ്മ എന്ന പേരില്‍ പുതിയ കുട്ടികളുടെ വിവരം ശേഖരിച്ച് അവരെ നിയമവിരുദ്ധ പ്രവർത്തനത്തിന് നിർബന്ധിക്കുന്നതായും പരാതി ഉയർന്നിരുന്നു. മാത്രമല്ല നിബന്ധനകള്‍ക്ക് വിരുദ്ധമായി കുട്ടികളെ പരിശീലനത്തിന് എന്ന് പേരില്‍ അസദുദ്ദീൻ ഓവൈസിയുടെ ഹൈദരാബാദിലെ സ്ഥാപനത്തിലേക്ക് അയക്കുന്നതായും കണ്ടെത്തിയിരുന്നു. ധന്വന്തരി കോളജില്‍ ഒരേ കെട്ടിടത്തില്‍ വിവിധ പേരുകളില്‍ ഏഴോളം നഴ്സിംഗ് കോളജുകളാണ് അനധികൃതമായി പ്രവർത്തിക്കുന്നത്.
കേന്ദ്രസർക്കാർ നിർദ്ദേശ പ്രകാരം കർണ്ണാടക സർക്കാർ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാനാണ് മരണപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ തീരുമാനം.