കാസർകോട് : ഉത്തരമലബാറിലെ മുകയ-ബോവി സമുദായത്തിന്‍റെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ആദൂർ ഭഗവതി ക്ഷേത്രത്തില്‍ 351 വർഷത്തിന് ശേഷം വീണ്ടും തെയ്യങ്ങളുടെ ചിലമ്പൊലി മുഴങ്ങുന്നു.
നാടൊന്നാകെ കാത്തിരുന്ന പെരുങ്കളിയാട്ടത്തില്‍ അഞ്ചു ദിവസങ്ങളിലായി 39 തെയ്യങ്ങളാണ് ഭക്തർക്ക് അനുഗ്രഹം ചൊരിയാൻ എത്തുന്നത്. പെരുങ്കളിയാട്ടം 24 ന് സമാപിക്കും.
ജനതയുടെ ആഗ്രഹത്തിന്റെയും കാത്തിരിപ്പിന്റേയും പൂർത്തീകരണമാണ് പെരുങ്കളിയാട്ടം. ഐതിഹ്യപരമായി ഏറെ സവിശേഷതകളുണ്ട് ഈ ദേവസ്ഥാനത്തിന്. പുന്നക്കാല്‍ ഭഗവതിയേയും മുച്ചൂളിക്കടവത്ത് ഭഗവതിയേയും ആയിറ്റി ഭഗവതിയേയും ഒരേ ബിംബത്തില്‍ ഒറ്റ ചൈതന്യത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

351 വർഷങ്ങള്‍ക്ക് ശേഷമുള്ള കളിയാട്ടത്തിനും ചില കാരണമുണ്ട്. സാധാരണയായി വിശേഷ ദിവസങ്ങളില്‍ നടക്കുന്ന ചടങ്ങുകളും 12 വർഷത്തില്‍ ഒരിക്കല്‍ ‘നടാവലി’ ആഘോഷവുമായിരുന്നു ക്ഷേത്രത്തില്‍ നടക്കാറുള്ളത്. അത് കഴിഞ്ഞാല്‍ പ്രശ്‌നം വയ്പ്പ് ചടങ്ങാണ്. ഈ പ്രശ്‌നം വയ്പ്പിലാണ് പെരുങ്കളിയാട്ടത്തിന്‍റെ സൂചനകള്‍ കണ്ടെത്തിയത്.
തുടർന്ന് കർമ്മിയുടെ നിർദേശ പ്രകാരം ക്ഷേത്ര പരിസരത്ത് കുഴിച്ചപ്പോള്‍ പെരുങ്കളിയാട്ടത്തിന് മാത്രം ഉപയോഗിക്കുന്ന കലശ പാത്രം ലഭിച്ചു. ഒപ്പം പണ്ട് ഉപയോഗിച്ചെന്ന് കരുതുന്ന ചില വസ്‌തുക്കളും കണ്ടെത്തി. പുരാവസ്തു വിദഗ്ധരാണ് കലശപാത്രത്തിന് 351 വർഷം പഴക്കമുണ്ടെന്നു കണ്ടെത്തിയത്.
രണ്ട് ലക്ഷത്തോളം ഭക്തരെയാണ് ഇവിടേക്ക് പ്രതീക്ഷിക്കുന്നത്. 2000 പേർ ചേർന്നതാണ് ആഘോഷ കമ്മിറ്റി. തുളു നാട്ടിലെ ആദ്യ പെരുങ്കളിയാട്ടമെന്ന പ്രത്യേകതയും ഇതിനുണ്ട്.