പീച്ചി ഡാം അപകടം; മരണം മൂന്നായി, ചികിത്സയിലിരുന്ന പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

തൃശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് മുരിങ്ങാത്തു പറമ്പിൽ ബിനോജിന്റെ മകൾ എറിൻ (16) ആണ് മരിച്ചത്. തൃശൂർ സെന്റ് ക്ലെയഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് എറിൻ. ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

അപകടത്തിൽ അലീന (16), ആൻ ഗ്രേയ്സ് (16) എന്നിവർ നേരത്തെ മരിച്ചിരുന്നു. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്. സഹപാഠിയായ ഹിമയുടെ വീട്ടില്‍ പള്ളിപ്പെരുന്നാളിന് എത്തിയ വിദ്യാര്‍ഥിനികള്‍ റിസര്‍വോയര്‍ കാണാനെത്തിയതായിരുന്നു. 13-ാം തീയതി ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്.

പാറപ്പുറത്തിരിക്കുന്നതിനിടെ രണ്ട് പേർ കാൽവഴുതി വെള്ളത്തിലേക്ക് വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേരും കയത്തിലേക്ക് വീഴുകയായിരുന്നു. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലു പേരെയും പുറത്തെടുത്ത് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!