കാരവനില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത, മരണകാരണം എസിയിലെ ഗ്യാസ് ചോര്‍ച്ചയോ?

കോഴിക്കോട് : വടകര ദേശീയപാതയില്‍ കരിമ്പനപാലത്ത് രണ്ടു യുവാക്കളെ കാരവനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. എസിയിലെ ഗ്യാസ് ചോര്‍ച്ചയാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തില്‍ പൊലീസ് അസ്വാഭാവികത സംശയിക്കുന്നുമുണ്ട്.

തിങ്കളാഴ്ച രാത്രി എട്ടോടെയാണ് രണ്ടുപേരെ കാരവനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവര്‍ മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ് (27), കണ്ണൂര്‍ പറശ്ശേരി തട്ടുമ്മല്‍ ജോയല്‍ (26) എന്നിവരാണ് മരിച്ചത്.

ദേശീയപാതയില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ വാഹനം നിര്‍ത്തിയിട്ടിരുന്നു. രാത്രിയോടെയാണ് വാഹനത്തിന്റെ സ്‌റ്റെപ്പിനടുത്തായി ഒരാള്‍ കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പിന്‍ഭാഗത്തും ഒരാളെ കണ്ടെത്തി. സംശയം തോന്നിയ നാട്ടുകാര്‍ വടകര പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരും മരിച്ചെന്ന് സ്ഥിരീകരിച്ചത്.

എടപ്പാളില്‍നിന്നും വിവാഹ പാര്‍ട്ടിയെ ഞായറാഴ്ച വൈകീട്ട് 3.30ഓടെ കണ്ണൂരില്‍ ഇറക്കി തിരിച്ചുവരികയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ മലപ്പുറത്ത് ഇവര്‍ വാഹനവുമായി എത്തേണ്ടിയിരുന്നതാണ്. എത്താതായതോടെ ലൊക്കേഷന്‍ മനസ്സിലാക്കി വടകര പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!