കെഎസ്ഇബിയില്‍ 745 ഒഴിവുകള്‍; എന്‍ജിനീയര്‍ തസ്തികയില്‍ അടക്കമുള്ള വേക്കന്‍സി അറിയാം…

തിരുവനന്തപുരം: 745 ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചതായി കെഎസ്ഇബി. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 40 ശതമാനം പിഎസ്‌സി ക്വാട്ടയില്‍ 100 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യുക. സര്‍വ്വീസില്‍ ഉള്ളവരില്‍ നിന്നുമുള്ള 10 ശതമാനം ക്വാട്ടയില്‍ ആകെയുള്ള 83 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

സബ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 30 ശതമാനം പിഎസ്‌സി ക്വാട്ടയില്‍ 217ഉം, ജൂനിയര്‍ അസിസ്റ്റന്റ് / കാഷ്യര്‍ തസ്തികയില്‍ 80 ശതമാനം പിഎസ്‌സി ക്വാട്ടയില്‍ 208 ഉം ഒഴിവുകള്‍ ഘട്ടംഘട്ടമായി റിപ്പോര്‍ട്ട് ചെയ്യും. ഇവ കൂടാതെ, സബ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ സര്‍വീസില്‍ ഉള്ളവരില്‍ നിന്നുമുള്ള 10 ശതമാനം ക്വാട്ടയില്‍ ആകെയുള്ള ഒഴിവുകളായ 131ഉം, ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ 33 ശതമാനം പിഎസ്‌സി ക്വാട്ടയില്‍ 6ഉം ഒഴിവുകളാണ് പിഎസ്‌സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുക.

നിയമനം ലഭിക്കുന്നവര്‍ക്ക് കാര്യക്ഷമവും സമയബന്ധിതവുമായ പരിശീലനം ലഭ്യമാക്കുന്നതിനുള്ള പരിശീലന കേന്ദ്രങ്ങളിലെ സൗകര്യം ഉറപ്പാക്കുന്നതിനും ഒന്നിച്ച് കൂടുതല്‍ പേര്‍ വിരമിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തികമായും ഭരണപരമായും ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായാണ് ചില വിഭാഗങ്ങളില്‍ ഘട്ടംഘട്ടമായി നിയമനം നടത്താന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് കെ എസ് ഇ ബി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!