സംവരണം മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കാനാവില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. 77 സമുദായങ്ങളെ ഒബിസി പട്ടികയില്‍പ്പെടുത്തിയ തീരുമാനം റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഒബിസി പട്ടികയില്‍പ്പെടുത്തിയതില്‍ ഭൂരിപക്ഷവും മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടതാണ്. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തിലല്ല, സമുദായങ്ങളുടെ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് സംവരണം അനുവദിച്ചതെന്ന് കോടതിയുടെ നിരീക്ഷണത്തോട് പ്രതികരിച്ചുകൊണ്ട് സംസ്ഥാനത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. പശ്ചിമ ബംഗാളില്‍ 27-28 ശതമാനമാണ് ന്യൂനപക്ഷ ജനസംഖ്യയെന്നും അദ്ദേഹം വ്യക്തമാക്കി.  

രംഗനാഥ് കമ്മീഷന്‍ മുസ്ലീങ്ങള്‍ക്ക് 10 ശതമാനം സംവരണം ശുപാര്‍ശ ചെയ്തിരുന്നു. ഹിന്ദു മതത്തിലെ 66 സമുദായങ്ങളെ പിന്നോക്ക വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. മുസ്ലീങ്ങള്‍ക്ക് സംവരണത്തിന് എന്ത് ചെയ്യണം എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍, പിന്നാക്ക കമ്മീഷന്‍ ദൗത്യം ഏറ്റെടുക്കുകയും മുസ്ലിംകള്‍ക്കുള്ളിലെ 76 സമുദായങ്ങളെ പിന്നാക്ക  വിഭാഗങ്ങളായി തരംതിരിക്കുകയും ചെയ്തു. അതില്‍ വലിയൊരു വിഭാഗം സമുദായങ്ങള്‍ ഇതിനകം തന്നെ കേന്ദ്ര പട്ടികയിലുണ്ട്. മറ്റു ചിലര്‍ മണ്ഡല്‍ കമ്മിഷന്റെ ഭാഗമാണ്.

ഉപവര്‍ഗ്ഗീകരണ വിഷയം വന്നപ്പോള്‍ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് പിന്നാക്ക കമ്മീഷനാണ്. മുസ്ലീങ്ങള്‍ക്കുള്ള നാലു ശതമാനം സംവരണം റദ്ദാക്കിയ  ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധിയെ ആശ്രയിച്ചാണ് കൊല്‍ക്കത്ത ഹൈക്കോടതി ഒബിസി പട്ടിക റദ്ദാക്കിയതെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു. ആന്ധ്ര ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണെന്നും സിബല്‍ ചൂണ്ടിക്കാട്ടി.

സര്‍വേയോ ഡാറ്റയോ ഒന്നുമില്ലാതെയാണ് ഈ സമുദായങ്ങള്‍ക്ക് സംവരണം നല്‍കിയതെന്ന്, സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നവരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 2010ല്‍ അന്നത്തെ മുഖ്യമന്ത്രി പ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെ, കമ്മീഷനുമായി കൂടിയാലോചിക്കുക പോലും ചെയ്യാതെ 77 സമുദായങ്ങള്‍ക്ക് സംവരണം നല്‍കിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പി എസ് പട്വാലിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!