മുഖ്യമന്ത്രിയായി മൂന്നാമൂഴം; മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്; മോദി പങ്കെടുക്കും

മുംബൈ: മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുംബൈ ആസാദ് മൈതാനിയില്‍ വൈകീട്ട് 5.30 നാണ് സത്യപ്രതിജ്ഞ നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അതേസമയം ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുമോയെന്നതില്‍ അവ്യക്തത തുടരുകയാണ്.

മഹായുതി സഖ്യത്തിന്റെ, ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് ശിവസേന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് ഏക്‌നാഥ് ഷിന്‍ഡെ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉപമുഖ്യമന്ത്രിയായി സര്‍ക്കാരിന്റെ ഭാഗമാകുമോയെന്നതില്‍ വ്യക്തത നല്‍കിയില്ല. പാര്‍ട്ടി നേതാക്കളും അനുയായികളുമായി കൂടുതല്‍ ചര്‍ച്ച നടത്തിയശേഷമാകും തീരുമാനമെന്നും, അതിനായി കൂടുതല്‍ സമയം വേണമെന്ന് ഷിന്‍ഡെ ആവശ്യപ്പെട്ടതായാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഷിന്‍ഡെയും മഹായുതി സര്‍ക്കാരില്‍ വേണമെന്നാണ് ഫഡ്‌നാവിസ് ആവശ്യപ്പെടുന്നത്. ഉപമുഖ്യമന്ത്രിയാകണമെങ്കില്‍ ആഭ്യന്തര വകുപ്പ് വേണമെന്നാണ് ഷിന്‍ഡെ ആവശ്യമുന്നയിക്കുന്നത്. എന്നാല്‍ ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കാന്‍ ബിജെപി തയ്യാറാകാതിരുന്നതാണ് സര്‍ക്കാര്‍ രൂപീകരണം നീളാനിടയാക്കിയത്. ഒടുവില്‍ 11 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് സര്‍ക്കാര്‍ രൂപീകരണം സാധ്യമായത്. ഇന്നലെ നടന്ന ബിജെപി നിയമസഭാകക്ഷിയോഗം ഏകകണ്ഠമായാണ് ഫഡ്‌നാവിസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

മുഖ്യമന്ത്രി പദവിയില്‍ 54 കാരനായ ഫഡ്‌നാവിസിന് ഇത് മൂന്നാമൂഴമാണ്. 2014 മുതല്‍ 2019 വരെ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്നു. 2019 ല്‍ ശിവസേനയുമായുള്ള ഭിനന്തയെ തുടര്‍ന്ന് എന്‍സിപി നേതാവ് അജിത് പവാറിന്റെ സഹായത്തോടെ മുഖ്യമന്ത്രിയായെങ്കിലും, ശരദ് പവാര്‍ എതിര്‍ത്തതോടെ ഭൂരിപക്ഷം തെളിയിക്കാനാകെ അഞ്ചുദിവസത്തിനകം രാജിവെക്കേണ്ടി വന്നു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ 288 അംഗ അസംബ്ലിയില്‍ 230 സീറ്റാണ് മഹായുതി സഖ്യം നേടിയത്. ബിജെപി 132 സീറ്റുകളില്‍ വിജയിച്ചു. ശിവസേന ഏക്‌നാഥ് ഷിന്‍ഡെ പക്ഷം 57 സീറ്റുകളും എന്‍സിപി അജിത് പവാര്‍ പക്ഷം 41 സീറ്റും നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!