‘മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്നു കരുതരുത്’; ആന എഴുന്നള്ളിപ്പില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ താക്കീത്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നു കോടതി. മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്നും കോടതിയുടെ നിര്‍ദേശം എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു.

രൂക്ഷമായ ഭാഷയിലാണ് കോടതി ദേവസ്വങ്ങള്‍ക്ക് താക്കീത് നല്‍കിയത്. ഇക്കാര്യത്തില്‍ സാമാന്യ ബുദ്ധിപോലുമില്ലേയെന്ന് കോടതി ചോദിച്ചു.

ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചില ആളുകളുടെ ഈഗോ നടപ്പാക്കുകയല്ല വേണ്ടത്. കോടതി നിര്‍ദേശം നടപ്പാക്കണം. ദേവസ്വം ബോര്‍ഡ് ഓഫീസറോട് സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.

ഹൈക്കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ തെറ്റിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രഭരണ സമിതിക്കെതിരെ കേസെടുത്തിരുന്നു. ആനയും ആളുകളും തമ്മില്‍ എട്ടു മീറ്റര്‍ അകലവും ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും പാലിച്ചില്ലെന്ന് ചൂണ്ടാക്കാട്ടിയാണ് വനംവകുപ്പ് കേസെടുത്തത്. ആന എഴുന്നള്ളിപ്പ് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്നും രണ്ട് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ പരിധി വേണമെന്നും ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!