ചെന്നൈ : തമിഴ്നാട്ടില്‍ സർക്കാർ ഓഫീസുകള്‍ക്ക് ഇനി എല്ലാ ശനിയാഴ്ച്ചകളിലും അവധി. തമിഴ്‌നാട് സർക്കാർ 2025ലെ 24 പൊതു അവധികളുടെ പട്ടിക പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കോർപ്പറേഷനുകള്‍ക്കും ബോർഡുകള്‍ക്കും ബാധകമായ ലിസ്റ്റ് നെഗോഷ്യബിള്‍ ഇൻസ്ട്രുമെൻ്റ് ആക്‌ട് പ്രകാരമാണ് പുറത്തിറക്കിയത്.
എല്ലാ സർക്കാർ സ്ഥാപനങ്ങള്‍ക്കും ശനി, ഞായർ ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് ചീഫ് സെക്രട്ടറി എൻ മുരുകാനന്ദം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഫൈവ് ഡേ വീക്ക് എന്ന വിപ്ലവകരമായ തീരുമാനമാണ് സ്റ്റാലിൻ സർക്കാർ എല്ലാ സർക്കാർ ഓഫീസുകൾക്കും ബാധകമാക്കിയിരിക്കുന്നത്.
2026 പൊതു തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന തമിഴ്നാട്ടിൽ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. രാഷ്ട്രീയ പ്രവേശനം നടത്തിയ സൂപ്പർതാരം വിജയ് ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കുവാൻ നിരവധി പദ്ധതികൾ ഇനിയും നടപ്പിലാക്കാൻ സാധ്യതയുമുണ്ട്.