കാഞ്ഞാര്‍ : ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത അംഗപരിമിതന് കിട്ടിയത് എട്ടിന്റെ പണി. ഗൂഗിള്‍ മാപ്പ് നോക്കി പോയ ദക്ഷിണ കന്നട സ്വദേശിയായ പരശുരാമന്‍ ചെന്നുപെട്ടത് വനത്തില്‍. ഒടുവില്‍ രക്ഷക്കെത്തിയത് കാഞ്ഞാര്‍ പോലീസ്.
ദക്ഷിണ കന്നട സ്വദേശിയായ പരശുരാമന്‍ ശബരിമലയില്‍ പോയി വരും വഴിയാണ് തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ദിïികല്‍ കാട്ടില്‍ അകപ്പെട്ടത്. അംഗപരിമിതനായ പരശുരാമന്‍ തന്റെ മുച്ചക്ര വാഹനത്തില്‍ ഒറ്റയ്ക്കാണ് ശബരിമലയില്‍ വന്നത്. ഇടുങ്ങിയ വഴിയിലെ ചളിക്കുണ്ടില്‍ അകപ്പെട്ടതോടെ മുന്നോട്ട് പോകാന്‍ കഴിയാതെ വന്നു.
രാത്രി ഒരു മണി കഴിഞ്ഞതോടെ ചുറ്റുപാടും ആരേയും സഹായത്തിന് കിട്ടിയില്ല.
കേരള അതിര്‍ത്തിയെന്ന് തെറ്റിദ്ധരിച്ച പരശുരാമന്‍ ഗൂഗിളില്‍ കേരള പൊലീസിന്റെ നമ്പര്‍ തെരഞ്ഞു. ആദ്യം കണ്ടത് കാഞ്ഞാര്‍ പൊലീസ് സ്റ്റേഷന്‍ നമ്പര്‍. കോള്‍ എടുത്തത് സ്റ്റേഷനില്‍ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹരീഷായിരുന്നു.
കന്നട ഭാഷ അറിയാത്ത ഹരീഷ് ഹിന്ദിയില്‍ പരശുരാമനുമായി സംസാരിച്ചു. പരശുരാമന്റെ ലോക്കേഷന്‍ അയച്ചു വാങ്ങിയതോടെ പരിധി തമിഴ്‌നാട് എന്ന് മനസ്സിലാക്കി. പരശുരാമന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന് അടുത്തുള്ള സ്റ്റേഷനായ ദിണ്ഡികല്‍ സ്റ്റേഷനിലെ നമ്പര്‍ എടുത്തു നല്കി.
പരശുരാമന്‍ ദിണ്ഡികല്‍ സ്റ്റേഷനില്‍ വിളിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.
തമിഴ് അറിയാത്തതും ബുദ്ധിമുട്ടായി. വീണ്ടും കാഞ്ഞാര്‍ സ്റ്റേഷനിലേക്ക് പരശുരാമന്‍ വിളിച്ചു. ഹരീഷ് പിന്നീട് കുമളിയില്‍ താമസിക്കുന്ന തമിഴ് അറിയാവുന്ന പോലീസ് ഉദ്യോഗസ്ഥനായ മഹേഷിനെ ലൈനില്‍ നിര്‍ത്തി ദിണ്ഡികല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കോണ്‍ഫറന്‍സ് കോളില്‍ വിളിച്ചു. അവര്‍ ഉടന്‍ തന്നെ ഒരു റെസ്‌ക്യൂ സംഘത്തെ സ്ഥലത്തേക്കയച്ചു.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പരശുരാമനെ രക്ഷപെടുത്തിയത്. ആദ്യാവസാനം സ്റ്റേഷന്‍ പരിധി മറികടന്ന് സഹായം നല്കിയ ഹരീഷിനെ നാട്ടുകാരുടെ നേതൃത്വത്തില്‍ അനുമോദിച്ചു.