കോട്ടയം : ജീവിതശൈലി രോഗങ്ങൾ കൊണ്ട് പാടുപെടുന്ന ആധുനിക സമൂഹത്തിന്റെ സമ്പൂർണ്ണ സൗഖ്യത്തിന് ആയുർവേദം അനിവാര്യതയാണെന്ന് മന്ത്രി വി. എൻ വാസവൻ.
പരുത്തുംപാറ ചാന്നാനിക്കാട് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു.
സഭ ആദ്യമായിട്ടാണ് ഒരു ആയുർവേദ ആശുപത്രി സ്ഥാപിക്കുന്നതെന്നും സാധാരണക്കാരായ ജനങ്ങളുടെ സമ്പൂർണ്ണ സൗഖ്യമാണ് ഇതിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ, ഡോ.യുഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പോലീത്താ, പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആനി മാമൻ, വാർഡ് മെമ്പർ എൻ. കെ കേശവൻ, അത്മായ ട്രസ്റ്റി റോണി വർഗീസ് , സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, മെഡിക്കൽ ഡയറക്ടർ ഡോ. രാജു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
ആയുർവേദ ആശുപത്രി നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിക്കണമെന്നും പഴമയുടെ തനതായ ഭാവത്തിലേക്ക് മടങ്ങി പോവാൻ ഈ ഉദ്യമം ഇടയാകട്ടെ എന്നുമുള്ള മന്ത്രിയുടെ ആഹ്വാനം ഏറ്റെടുക്കുന്നതായി പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു. ഒരു ക്ലിനിക്കായി ആരംഭിച്ച് തുടർന്ന് രോഗികളെ കിടത്തി ചികിത്സിക്കുന്ന നിലയിലേക്ക് വളർന്ന് ആയുർവേദ മെഡിക്കൽ കോളേജ് എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്നും ബാവാ കൂട്ടിച്ചേർത്തു.