പാലക്കാട് ഇന്ന് ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ, മോക് പോളിങ് തുടങ്ങി

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും. വോട്ടെടുപ്പിന് മുന്നോടിയായി മോക് പോളിങ് ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്.

229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം. പത്ത് സ്ഥാനാര്‍ത്ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെ വോട്ടിങ് യന്ത്രങ്ങള്‍ തിരികെയെത്തിക്കും. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ യുഡിഎഫിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും എൽഡിഎഫിനായി കോൺഗ്രസ് വിട്ട് ഇടതുപാളയത്തിലെത്തിയ ഡോ. പി സരിനും എൻഡിഎയ്ക്കായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറുമാണ് മത്സരരംഗത്തുള്ളത്.

നാല് ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 184 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. 736 പോളിങ് ഓഫീസര്‍മാരെയാണ് ഇവിടേക്ക് നിയമിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വനിതാ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഒരു പോളിങ് സ്റ്റേഷനും ഒമ്പത് മാതൃകാ പോളിങ് ബൂത്തുകളും മണ്ഡലത്തില്‍ ഉണ്ടാവും. എല്ലാ പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് നടപടികള്‍ വെബ്കാസ്റ്റിങ് നടത്തുന്നുണ്ട്.

ഏഴു പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. 58 എണ്ണം പ്രശ്‌ന സാധ്യതാ പട്ടികയിലുണ്ട്. ഇത്തരം ബൂത്തുകളില്‍ കേന്ദ്ര സുരക്ഷാ സേനയുടെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ അധിക സുരക്ഷയൊരുക്കും. അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഇന്ന് പാലക്കാട് നിയോജക മണ്ഡലത്തില്‍ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!