അടിക്കടി ഉരുള്‍പൊട്ടല്‍, കായല്‍ മലിനീകരണം; വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ്, ‘നോ ലിസ്റ്റ് 2025’ പട്ടികയില്‍ കേരളവും

തിരുവനന്തപുരം: ഉരുള്‍പൊട്ടലും കായല്‍ മലിനീകരണവും ചൂണ്ടിക്കാട്ടി കേരളത്തെ ‘നോ ലിസ്റ്റ് 2025’ പട്ടികയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര ഏജന്‍സി. കലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ പ്രൊവൈഡര്‍മാരായ ‘ഫോഡോഴ്സ് ട്രാവല്‍’ എന്ന കമ്പനിയാണ് കേരളം വിനോദസഞ്ചാരത്തിന് സുരക്ഷിത ഇടമല്ലെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളം ഉള്‍പ്പെടെ ലോകത്തെ 15 പ്രദേശങ്ങളാണു പട്ടികയില്‍.

സമീപകാലത്തുണ്ടായ വയനാട് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളും കായലുകളിലെ മലിനീകരണ റിപ്പോര്‍ട്ടുകളും കമ്പനി റിപ്പോര്‍ട്ടില്‍ പറയുണ്ട്. കമ്പനി നവംബര്‍ 13-ന് പ്രസിദ്ധീകരിച്ച ‘നോ ലിസ്റ്റ്’ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക സ്ഥലം കേരളമാണ്.

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലും കേരളത്തിലെ പുഴകളും ജലസ്രോതസ്സുകളും മലിനമാകുന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അമിതമായ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചെന്നും ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ കൂടിയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏതാനും ദശാബ്ദങ്ങളായി ഉരുള്‍പൊട്ടല്‍ സാധ്യതയെപ്പറ്റി മുന്നറിയിപ്പുണ്ടായിട്ടും കാര്യമായി എടുത്തില്ല. 2015നും 2022നുമിടയില്‍ രാജ്യത്തുണ്ടായ 3,782 ഉരുള്‍പൊട്ടലുകളുടെ 60 ശതമാനവും കേരളത്തിലാണു സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് ടൂറിസം സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വന്ന ‘നോ ലിസ്റ്റ്’ പട്ടിക മേഖലയിലെ ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗത്തെയും സംസ്ഥാനത്തിന് വരുമാന മാര്‍ഗമായ ടൂറിസത്തെയും ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്തോനേഷ്യയിലെ ബാലി, വിനോദസഞ്ചാരത്തിനെതിരെ തദ്ദേശ ജനതയുടെ എതിര്‍പ്പുകള്‍ രൂക്ഷമായ യൂറോപ്പിലെ ചില പ്രദേശങ്ങള്‍, തായ്ലന്‍ഡിലെ കോഹ്‌സമുയി, എവറസ്റ്റ് കൊടുമുടി എന്നിവയാണു സ്ഥിരമായി പ്രശ്‌നമുള്ള ഇടങ്ങളായി നോ ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!