കൊല്ലം : ശബരിമല ക്ഷേത്രത്തില്‍ തിടമ്പേറ്റുന്ന മണികണ്ഠന്‍ എന്ന ആനയുടെ അന്‍പതാം പിറന്നാള്‍ ആഘോഷമാക്കി ഓയൂര്‍ വെളിനല്ലൂര്‍ ഗ്രാമം. മധുരം പങ്കുവെച്ചും, തിരുവാതിര കളിച്ചും ആശംസകള്‍ അര്‍പ്പിച്ചും ആഘോഷമാക്കി മാറ്റിയാണ് പിറന്നാള്‍ ആഘോഷിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും, ക്ഷേത്രോപദേശകസമിതിയും ചേര്‍ന്ന് ആയിരുന്നു ആഘോഷങ്ങള്‍ ഒരുക്കിയത്.
38 വര്‍ഷംമുന്‍പ് വെളിനല്ലൂര്‍ ശ്രീരാ മസ്വാമിക്ഷേത്രത്തില്‍ പിള്ള വീട്ടില്‍ ഗോപിനാഥന്‍ നായര്‍ നടയ്ക്കിരുത്തിയതായിരുന്നു ‘വെളിനല്ലൂര്‍ മണികണ്ഠന്‍’ എന്ന ആനയെ. ഇന്ന് അമ്പതാം പിറന്നാള്‍ ആഘോഷമാക്കുന്നതിന്റെ സന്തോഷത്തിലാണ് മണികണ്ഠനും ഗ്രാമവാസികളും. ഓയൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം അങ്കണത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ജി സുന്ദരേശന്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
പിറന്നാള്‍ ആഘോഷത്തിന് പ്രത്യേക സമിതി ഉണ്ടാക്കിയാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ശബരിമല, വൈക്കം, ചെങ്ങന്നൂര്‍, കൊട്ടാരക്കര അടക്കമുള്ള ഒട്ടേറെ ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ ഉത്സവത്തിന് തിടമ്പേറ്റുന്നത് മണികണ്ഠനാണ്. പന്ത്രണ്ടാം വയസ്സില്‍ എത്തിയ മണികണ്ഠന്‍ നാട്ടുകാരുടെ ഇഷ്ടതാരമാണ്.