ഇത്ര നാളും ചര്‍ച്ച ചെയ്തതല്ല, വേറെയും ചില കാര്യങ്ങളുണ്ട്: അഡ്വ. വിശ്വന്‍

കണ്ണൂര്‍: ജാമ്യം അനുവദിച്ചു കൊണ്ടുള്ള തലശ്ശേരി കോടതിയുടെ വിധി ആശ്വാസകരമെന്ന് പി പി ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍. ചാരത്തിനിടയ്ക്ക് കനല്‍ക്കട്ട പോലെ സത്യമുണ്ട്. സത്യം ഇനിയും പുറത്തു വരേണ്ടതുണ്ട്. ഇനിയും കുറേ കാര്യങ്ങള്‍ കോടതിയെ ധരിപ്പിക്കാനുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പിപി ദിവ്യയുടെ നിരപരാധിത്വം അസന്നിഗ്ധമായി തെളിയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും കെ വിശ്വന്‍ പറഞ്ഞു.

നിലവിലുള്ള തെളിവു നിയമവും ലഭ്യമായ ശാസ്ത്രീയ തെളിവുകളുമെല്ലാം സഹായത്തിനെത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ബഹളം കൊണ്ടോ വ്യാഖ്യാനം കൊണ്ടോ സത്യത്തെ മറച്ചു വെക്കാന്‍ കഴിയില്ല. തീക്ഷ്ണമായ തെളിവുകള്‍ സ്വാഭാവികമായും കോടതി ശരിയായ വിധത്തില്‍ പരിശോധിക്കും എന്നതാണ് ഈ വിധി കൊണ്ട് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും അഡ്വ. കെ വിശ്വന്‍ പറഞ്ഞു.

ഇനിയും കുറേ കാര്യങ്ങള്‍ പുറത്തു വരാനുണ്ട്. ഇനിയും കുറേ വസ്തുതകള്‍ കോടതിയില്‍ അവതരിപ്പിക്കാനുണ്ട്. ഇന്നു വൈകീട്ട് മൂന്നുമണിയോടെ വിധിപ്പകര്‍പ്പ് ലഭിക്കും. ഇന്നു തന്നെ പി പി ദിവ്യയെ ജയില്‍മോചിതയാക്കാനാകുമെന്നാണ് കരുതുന്നത്. അന്വേഷണത്തോട് സഹകരിക്കേണ്ട ബാധ്യത ഏതു പൗരനുമുണ്ട്. പൊലീസ് സത്യം കണ്ടെത്താനുള്ള ശ്രമമാണ് നടത്തേണ്ടത്. സത്യം തെളിയിക്കേണ്ട ഉത്തരവാദിത്തം പ്രതിയെന്ന് ആരോപിക്കുന്ന ആളുകള്‍ക്കുമുണ്ട്.

താന്‍ ഉന്നയിച്ച കാര്യങ്ങള്‍ കോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. ഈ കേസില്‍ ഒരു കയ്യില്‍കൊള്ളുന്ന സുപ്രധാന തെളിവുകള്‍ ഇനിയും പരിശോധിക്കപ്പെടാനുണ്ട്. അന്വേഷണ സംഘം ഇതെല്ലാം പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവ്യ ജയില്‍മോചിതയാകുന്നതോടെ നിയമപോരാട്ടത്തിന് പുതിയ മുഖം കൈവരും. പൊതുസമൂഹം ഇത്രനാളും ചര്‍ച്ച ചെയ്ത ചില വിഷയം മാത്രമല്ല, ഇതിനിടയില്‍ മറ്റുചില കാര്യങ്ങള്‍ കൂടിയുണ്ടെന്ന് വെളിപ്പെടുമെന്നും അഭിഭാഷകന്‍ കെ വിശ്വന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!