പിപി ദിവ്യക്കെതിരെ സിപിഎം നടപടി, കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനത്തിന് സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരം

തിരുവനന്തപുരം : കണ്ണൂർ  മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ അച്ചടക്ക നടപടിയുമായി സിപിഎം. ദിവ്യയെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കാനുള്ള ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു.

കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് അന്തിമ തീരുമാനമെടുക്കാമെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അച്ചടക്ക നടപടി സ്വീകരിച്ചതോടെ ദിവ്യ ഇനി സിപിഎമ്മിന്റെ അടിസ്ഥാന ഘടകമായ ബ്രാഞ്ച് കമ്മിറ്റി അംഗം മാത്രമായി മാറും.

നവീന്‍ ബാബുവിന്റെ മരണത്തേത്തുടര്‍ന്ന് നിലവില്‍ ജയിലില്‍ കഴിയുകയാണ് പിപി ദിവ്യ. ദിവസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് കീഴടങ്ങാന്‍ ദിവ്യ തീരുമാനിച്ചത്. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയം നിയമപരമായി നേരിടുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നുമാണ് ദിവ്യയുടെ നിലപാട്.

പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച്‌ അദ്ദേഹത്തിന്റെ യാത്രയയപ്പ് പരിപാടിയില്‍ ക്ഷണിക്കാതെ എത്തി ദിവ്യ അപമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നുള്ള മനോവിഷമത്തിലാണ് നവീന്‍ ബാബു ജീവിതമവസാനിപ്പിച്ചത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ, നവീന്‍ ബാബു ആത്മഹത്യ ചെയ്തതിന് പിന്നാലെ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയിരുന്ന ദിവ്യയെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് ഉള്‍പ്പെടെ ഒരുഘട്ടത്തില്‍ സിപിഎം പരിഗണിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!