ഈരാറ്റുപേട്ട : വാഗമണ്‍ റോഡില്‍ തീക്കോയി വേലത്തുശ്ശേരിക്ക് സമീപം കൂറ്റന്‍ പാറക്കല്ല് മലമുകളില്‍ നിന്ന് റോഡില്‍ വീണു. റോഡിന്റെ മുകള്‍ ഭാഗത്തുള്ള വലരിതോടില്‍ കൂടി ഉരുണ്ടെത്തിയതാണ് കല്ല്.
എട്ട് അടിയോളം ഉയരമുള്ള പാറക്കല്ലാണ് ശനിയാഴ്ച 10 മണിയോടെ റോഡിലേക്ക് വീണത്. അവധി ദിവസമായതിനാല്‍ വാഗമണിലേക്ക് വിനോദസഞ്ചാരികളുടെ ഉള്‍പ്പടെയുള്ള നിരവധി വാഹനങ്ങള്‍ എപ്പോഴും കടന്നുപോകുന്ന റോഡാണിത്. റോഡില്‍ കല്ല് വീഴുമ്പോള്‍ വാഹനങ്ങളും വഴിയാത്രക്കാരും ഇല്ലാതിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.
കല്ല് വീണതോടെ ഒരുമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ചെറുവാഹനങ്ങള്‍ക്ക് മാത്രമാണ് കടന്നുപോകാന്‍ സാധിച്ചിരുന്നത്. തുടര്‍ന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജെസിബി എത്തിച്ച് കല്ല് റോഡിന്റെ സൈഡിലേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇതേതുടര്‍ന്നുണ്ടായ വെള്ളമൊഴുക്കില്‍ അടിയിലെ മണ്ണ് ഇളകി കല്ല് ഉരുണ്ടെത്തിയതാകാമെന്ന്പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് പറഞ്ഞു.
