തിരുവനന്തപുരം: വിഴിഞ്ഞം തീരക്കടലിൽ അപൂർവ ജലസ്തംഭം (വാട്ടർസ്പൗട്ട്) ഉണ്ടായി. ഇന്നലെ വൈകുന്നേരമായിരുന്നു തീരക്കടലിനോട് ചേർന്ന് ജലസ്തംഭമുണ്ടായത്. വിഴിഞ്ഞം തുറമുഖത്തിനടുത്ത് തീരക്കടലിനോട് ചേർന്ന് അരമണിക്കൂറോളം ജലസ്തംഭമുണ്ടായി. ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസമാണിത്. വിഴിഞ്ഞം പ്രദേശത്ത് നേരത്തെ തന്നെ മഴ മുന്നറിയിപ്പും കടലാക്രമണ സാധ്യതാ മുന്നറിയിപ്പും നൽകിയതിനാൽ വൻ അപകടം ഒഴിവായി.
ഈ പ്രതിഭാസം മത്സ്യത്തൊഴിലാളികളിൽ ഒന്നടങ്കം ആശങ്ക പരത്തി. മുൻപ് ഈ പ്രതിഭാസത്തിന് ശേഷമായിരുന്നു ഓഖിയുൾപ്പെടെയുള്ള ചുഴലിക്കാറ്റുകൾ ആഞ്ഞു വീശിയത്. വാട്ടർസ്പൗട്ട് പ്രതിഭാസമുണ്ടായതിൽ വലയി നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ക്യമുലോനിംബസ് എന്ന മഴമേഘം കടലിലേക്ക് ചോർപ്പിന്റെ ആകൃതിയിൽ ഇറങ്ങി വരുന്നതാണ് ജലസ്‌തംഭം (വാട്ടർസ്‌പൗട്ട്). മേഘത്തിന്റെ ശക്‌തിയേറുമ്പോൾ ഉയരത്തിലേക്ക് ജലം വലിച്ചെടുക്കും. അന്തരീക്ഷത്തിലെ നീരാവി, പൊടിപടലം, കാറ്റ് എന്നിവ കൂടിക്കലരുന്നതിനാൽ ഈ സമയം ഇരുട്ട് പരക്കും. അന്തരീക്ഷത്തിലെ ചൂടാണ് ഇതിന്റെ പ്രധാന കാരണമെന്നും ശാസ്‌ത്ര ഗവേഷകർ പറയുന്നു. സാധാരണ പത്ത് മുതൽ ഇരുപത് മിനുറ്റ് വരെയാണ് വാട്ടർ സ്‌പൗട്ട് കാഴ്‌ചയുണ്ടാകുക.