എണ്ണപ്പലഹാരങ്ങള്‍ പത്രക്കടലാസില്‍ പൊതിയരുത്; വിലക്കുമായി ഭക്ഷ്യസുരക്ഷാവകുപ്പ്

തിരുവനന്തപുരം: തട്ടുകടകള്‍, നാട്ടിന്‍പുറത്തെ ചില ചായക്കടകള്‍ ഉള്‍പ്പെടെയുള്ള വഴിയോര ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ്‌ഗ്രേഡ് പാക്കിങ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്.

സമൂസ, പക്കോഡ പോലെയുള്ള എണ്ണപ്പലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതിനും എഫ്.എസ്.എസ്.എ.ഐ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം പൊതിയാനും, പായ്ക്ക് ചെയ്യാനും, ശേഖരിച്ച് വയ്ക്കാനും ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നത് ലെഡ് പോലുള്ള രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരാന്‍ ഇടയാകുന്ന സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇങ്ങനെ കലരുന്നത് കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിരുന്നു.

ഇനിമുതല്‍ ഫലപ്രദമായ പാക്കേജിങില്‍ ഭക്ഷണങ്ങളുടെ ഘടനമാറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തും. ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിതമാര്‍ഗമെന്ന നിലയില്‍ ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

ഭക്ഷ്യ സംരംഭകര്‍ ഉള്‍പ്പെടെ പാക്കേജ് മെറ്റീരിയലുകള്‍ സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഭക്ഷ്യ സുരക്ഷ പ്രക്രിയയില്‍ പങ്കാളികളാകണമെന്നും അറിയിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!