ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് 40 രൂപയ്ക്ക് ജോണി വാക്കര്‍ ഫുള്‍…എങ്ങനെയെന്നോ..

തിരുവനന്തപുരം: ക്യൂ നിൽക്കാതെ വിലകൂടിയ മദ്യം വാങ്ങാനായി ഏർപ്പെടുത്തിയ സൗകര്യം ബെവ്കോയ്ക്ക് തന്നെ വിനയായി. ഓൺലൈൻവഴി മദ്യം ബുക്ക് ചെയ്ത് വാങ്ങാനുള്ള സംവിധാനമാണ് വെബ്സൈറ്റിലെ പിഴവുമൂലം പാളിയത്. ജോണി വാക്കർ ഉൾപ്പെടെ വൻകിട ബ്രാൻഡുകൾ വെറും 40 രൂപയ്ക്കാണ് തിരുവനന്തപുരം സ്വദേശിയായ ഇരുപതുകാരന് ബുക്ക് ചെയ്യാനായത്.

എന്നാൽ സൈബർ സെക്യൂരിറ്റി റിസർച്ചറായ യുവാവ് മദ്യം വാങ്ങിക്കൊണ്ടുപോയില്ല. പകരം വിവരം എക്സൈസ് മന്ത്രി എം ബി രാജേഷിനെയും ബെവ്കോ ഉദ്യോഗസ്ഥരെയും അറിയിച്ചു. റിസർച്ചിൻറെ ഭാഗമായാണ് യുവാവ് ബെവ്കോ വെബ്സൈറ്റിലെ പിഴവ് കണ്ടെത്തിയത്.

ബെവ്കോയുടെ വെബ്സൈറ്റിൽ ഇതിനായി ഉൾപ്പെടുത്തിയ മോഡ്യൂളിൽ വലിയ പിഴവ് കണ്ടെത്തിയതോടെ സംവിധാനം തന്നെ പിൻവലിച്ചു. ഓൺലൈനിൽ പണമടച്ചശേഷം മൊബൈലിൽ ലഭിക്കുന്ന കോഡുമായി ബെവ്കോ ഔട്‍ലറ്റിലെത്തിയാൽ ക്യൂ നിൽക്കാതെ മദ്യം വാങ്ങാമെന്നതായിരുന്നു ബെവ്കോ ഏർപ്പെടുത്തിയ സംവിധാനം. ഔട്‍ലറ്റുകളിലെ തിരക്ക് കുറക്കുന്നതിനുവേണ്ടിക്കൂടിയാണിത്.

എന്തായാലും പിഴവ് കണ്ടെത്തിയതോടെ സുരക്ഷ ഉറപ്പാക്കിയശേഷം മാത്രമേ സംവിധാനം പുനരാരംഭിക്കൂ എന്ന് ബെവ്കോ അധികൃതർ അറിയിച്ചിട്ടുണ്ട്. പിഴവ് കണ്ടെത്തിയ വിദ്യാർഥി പേരുവെളിപ്പെടുത്താൻ താൽപര്യമില്ലെന്ന് അറിയിച്ചതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!