തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. മേയര്‍ക്കെതിരായ പരാതി കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റോഡിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് യദുവിന്റെ വാദം. അതേസമയം തനിക്കെതിരെ മേയര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അതിവേഗമാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും യദു ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഏപ്രിൽ 27 ന് രാത്രി 9.45-ന് തിരുവനന്തപുരം പ്ലാമൂട് വെച്ചായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതർക്കമുണ്ടായത്. പാളയത്തുവെച്ച് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും സഞ്ചരിച്ചിരുന്ന കാര്‍ കെഎസ്ആർടിസി ബസിന് കുറുകെ ഇട്ട് വാഹനം തടയുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഡ്രൈവർ അശ്ലീ ആംഗ്യം കാണിച്ചത് ചോദിക്കാൻ വേണ്ടിയാണ് ബസ് തടഞ്ഞതെന്നാണ് മേയർ വിശദീകരിച്ചത്.