ഭോപ്പാല്‍: മധ്യപ്രദേശില്‍ വൈസ് ചാന്‍സലര്‍മാര്‍ ഇനി കുലഗുരു എന്നറിയപ്പെടും. പേരുമാറ്റത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്തിന്റെ സംസ്‌കാരത്തെയും ഗുരുപരമ്പര സമ്പ്രദായത്തെയും സൂചിപ്പിക്കുന്നതാണ് പേരുമാറ്റമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.
തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് പേരുമാറ്റം ഐകകണ്‌ഠ്യേന അംഗീകരിച്ചത്. ഈ മാസം ഗുരുപൂര്‍ണിമ ആഘോഷിക്കുന്നതിനാല്‍ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ കുലഗുരു എന്ന് വിശേഷിപ്പിക്കാന്‍ തീരുമാനിച്ചതായും മറ്റ് ചില സംസ്ഥാനങ്ങളും ഈ പേരുമാറ്റത്തില്‍ താത്പര്യം പ്രകടിപ്പിച്ച് വിശദാംശങ്ങള്‍ തേടിയതായും മുഖ്യമന്ത്രി പറഞ്ഞു.
ഗോവധം ലക്ഷ്യമിട്ട് പശുക്കളെ കടത്തുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പലപ്പോഴും ഇത്തരത്തില്‍ പിടികൂടുന്ന വാഹനങ്ങള്‍ കോടതി വിട്ടയക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുകുഴല്‍ക്കിണര്‍ നിര്‍മിച്ചാല്‍ അത് മൂടാതെ ഇടുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂട്ടികള്‍ വീണ് അപകടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം.