‘ദീര്‍ഘവീക്ഷണവും അനുകമ്പയുമുള്ള വ്യക്തിത്വം’; രത്തന്‍ ടാറ്റയെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ടാറ്റ ഗ്രൂപ്പ് എമിരറ്റസ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ദീര്‍ഘവീക്ഷണവും അനുകമ്പയുമുള്ള അസാധാരണ വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. ടാറ്റ ഗ്രൂപ്പിന് അദ്ദേഹം സ്ഥിരതയാര്‍ന്ന നേതൃത്വം നല്‍കി. ബോര്‍ഡ് റൂമുകള്‍ക്കപ്പുറത്തേക്ക് അദ്ദേഹത്തിന്റെ സംഭാവനകള്‍ വ്യാപിച്ചിരുന്നതായും പ്രധാനമന്ത്രി അനുസ്മരിച്ചു.

അദ്ദേഹത്തിന്റെ വിനയത്തിനും  ദയയ്ക്കും നമ്മുടെ സമൂഹത്തെ മികച്ചതാക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ എടുത്തു പറഞ്ഞു. ബുധനാഴ്ച രാത്രി 11.45-ഓടെയാണ് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ച് രത്തന്‍ ടാറ്റ അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1991ല്‍ ജെ ആര്‍ ഡി ടാറ്റയില്‍ നിന്നാണ് രത്തന്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. 2012 വരെ 21 വര്‍ഷം ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നു. ടാറ്റ സണ്‍സില്‍ ചെയര്‍മാന്‍ എമരിറ്റസായ അദ്ദേഹം 2016-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍സ്ഥാനത്തു നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടര്‍ന്ന് ഇടക്കാല ചെയര്‍മാനായി വീണ്ടുമെത്തി. 2017-ല്‍ എന്‍ ചന്ദ്രശേഖരനെ ചെയര്‍മാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടര്‍ന്നു. 2000 ല്‍ പത്മഭൂഷണും 2008 ല്‍  പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!