അർജുൻ ഓടിച്ച ലോറി മുബീന്റേത്; യൂട്യൂബ് ചാനൽ തുടങ്ങിയത് വിവരങ്ങൾ പങ്കുവയ്ക്കാൻ; അർജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മനാഫ്. താൻ കാരണം കുടുംബത്തിന് എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ  മാപ്പ് ചോദിക്കുന്നു. അർജുന്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും എന്നും മനാഫ് പറഞ്ഞു. സഹോദരനൊപ്പം മാദ്ധ്യമങ്ങളെ കാണുന്നതിനിടെ ആയിരുന്നു മനാഫിന്റെ പ്രതികരണം. അർജുന്റെ പേരിൽ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് ആവർത്തിച്ചു.

യൂട്യൂബ് വഴിയോ അല്ലാതെയോ പണപ്പിരിവ് നടത്തുകയോ സഹായം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ചില പരിപാടികൾക്ക് പോകുമ്പോൾ പണം ലഭിക്കാറുണ്ട്. ഈ പണം അർജുന്റെ മകന് കൊടുക്കാൻ ആഗ്രഹിച്ച് പോയതാണ്. മകന്റെ അക്കൗണ്ട് നമ്പർ ചോദിച്ചിരുന്നു. ഇത് മാത്രമാണ് താൻ ചെയ്ത തെറ്റ്. അർജുന്റെ കുടുംബവും തന്റെ കുടുംബം ആണെന്നും മനാഫ് കൂട്ടിച്ചേർത്തു.

മാദ്ധ്യമങ്ങളാണ് അർജുനുമായി ബന്ധപ്പെട്ട സംഭവങ്ങൾ കൂടുതലായി പുറത്തുകൊണ്ടുവന്നത്. അവർ ഇല്ലായിരുന്നുവെങ്കിൽ ഇതൊന്നും ഒരിക്കലും സാദ്ധ്യമാകില്ലായിരുന്നു. മാദ്ധ്യമപ്രവർത്തകർ ആയിരുന്നു യൂട്യൂബ് ചാനൽ തുടങ്ങിത്തന്നത്. ഇപ്പോൾ തന്റെ ചാനലിന് രണ്ട് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. അർജുനെ കണ്ടെത്തി കഴിഞ്ഞാൽ യൂട്യൂബ് ചാനൽ നിർത്താൻ ആയിരുന്നു തീരുമാനം.

ലോറിയുടമ മനാഫ് എന്ന പേരിലാണ് തന്റെ പേര് മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. അതിനാലാണ് യൂട്യൂബ് ചാനലിന് ഈ പേര് നൽകിയത്. യൂട്യൂബ് ചാനലിൽ നിന്നും എന്ത് കിട്ടും എന്നതിനെക്കുറിച്ച് അറിയില്ല. വിവാദത്തിന് താത്പര്യം ഇല്ല. അർജുൻ ഓടിച്ചിരുന്ന ലോറി അനുജൻ മുബീന്റെ ആണെന്നും മനാഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!