കൊല്ലപ്പെട്ട ബിജു
വാഴൂർ(കോട്ടയം) : മുൻവൈരത്തെ തുടർന്ന് ചെത്തുതൊഴിലാളിയെ അയൽവാസിയായ യുവാവ് കരിങ്കല്ലിന് ഇടിച്ചു കൊന്നു. ചാമംപതാൽ കറിയാപറമ്പിൽ ബിജു (57) ആണ് മരിച്ചത്. സംഭവത്തിൽ ചാമംപതാൽ വെള്ളാറപ്പള്ളി വീട്ടിൽ അപ്പു (23) വിനെ പോലീസ് അറസ്റ്റു ചെയ്തു.
ഞായറാഴ്ച വൈകീട്ട് നാലരയോടെ വെള്ളാറപ്പള്ളി-മാരാംകുന്ന് റോഡിലായിരുന്നു സംഭവം. തെങ്ങ് ചെത്താനായി സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞു നിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. നിലത്തു വീണ ബിജുവിന്റെ തലയ്ക്ക് കരിങ്കല്ലുകൊണ്ട് ഇടിച്ച ശേഷം ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ഇയാളെ ചാമംപതാൽ ഭാഗത്തു നിന്നും പോലീസ് പിടികൂടി.
രക്തം വാർന്നു റോഡിൽ കിടന്ന ബിജു സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽകോളേജിലേക്ക് മാറ്റി. ഇവർ തമ്മിൽ മുൻപും തർക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ബിജുവിന്റെ ഭാര്യ:തങ്കമ്മ. മക്കൾ: ബിജേഷ്, അഭിലാഷ്.