ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമാക്കി അതിവേഗത്തില്‍ രണ്ടു ഉല്‍ക്കകള്‍ നീങ്ങുന്നതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. യാതൊരുവിധ ഭീഷണിയുമില്ലാതെ ഭൂമിക്ക് അരികിലൂടെ ഇവ ഇന്ന് കടന്നുപോകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും നാസ അറിയിച്ചു.
ഒരു വാണിജ്യ വിമാനത്തിന്റെ വലിപ്പമുള്ളതാണ് ഒരു ഉല്‍ക്ക. 2024 RO11 എന്ന് പേരിട്ടിരിക്കുന്ന ഉല്‍ക്കയ്ക്ക് 120 അടി നീളം വരും. ഭൂമിയില്‍ നിന്ന് 4,580,000 മൈലുകള്‍ക്ക് അപ്പുറത്തുകൂടിയാണ് ഇത് കടന്നുപോകുക.
2020 GE എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ ഉല്‍ക്ക ആദ്യത്തേതിനെ അപേക്ഷിച്ച് ഭൂമിക്ക് കുറച്ചുകൂടി അരികിലൂടെയാണ് കടന്നുപോകുക. 26 അടി മാത്രമാണ് ഇതിന്റെ നീളം. ഭൂമിയില്‍ നിന്ന് 4,10,000 മൈലുകള്‍ക്ക് അപ്പുറത്തുകൂടിയാണ് ഇത് കടന്നുപോകുക എന്നും നാസ അറിയിച്ചു. ഇവ രണ്ടും ഭൂമിയ്ക്ക് യാതൊരുവിധ ഭീഷണിയും സൃഷ്ടിക്കില്ല. ഈ ഉല്‍ക്കകള്‍ സൗരയൂഥത്തിന്റെ വിശാലതയിലൂടെ അവയുടെ പാതകളിലൂടെ സഞ്ചരിച്ച് കടന്നുപോകുമെന്നും നാസ അറിയിച്ചു
