കയ്പമംഗലത്ത് യുവാവിനെ മര്‍ദിച്ച് കൊന്ന് ആംബുലന്‍സില്‍ തള്ളി; പ്രതികള്‍ രക്ഷപ്പെട്ടു; തിരച്ചില്‍

തൃശൂര്‍: കയ്പമംഗലത്ത് യുവാവിനെ മര്‍ദിച്ച് കൊന്ന് ആംബുലന്‍സില്‍ തള്ളി. കോയമ്പത്തൂര്‍ സ്വദേശി അരുണാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു.

ഇന്നലെ വൈകീട്ട് കയ്പമംഗലത്തുളള സ്വകാര്യ ആംബുലന്‍സിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ഒരാളെ വണ്ടി തട്ടിയിട്ടുണ്ടെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നുമായിരുന്നു ഫോണ്‍ കോളില്‍ പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് അവിടെയെത്തി. സമീപത്തുണ്ടായിരുന്ന കാറില്‍ നാലംഗ സംഘവും ഉണ്ടായിരുന്നു. വാഹനം  ഇടിച്ചതാണെന്നും ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്നും അവര്‍ ആംബുലന്‍സ് ഡ്രൈവറോട് ആവശ്യപ്പെട്ടു. ആരെങ്കിലും ഒരാള്‍ ആംബുലന്‍സില്‍ കയറണമെന്ന് ഡ്രൈവര്‍ പറഞ്ഞെങ്കിലും കാറില്‍ വരാമെന്ന് യുവാക്കള്‍ അറിയിക്കുകയും ചെയ്തു.

യുവാവിനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും പുറകില്‍ വന്നവര്‍ സ്ഥലം വിട്ടിരുന്നു. ആശുപത്രി അധികൃതര്‍ പരിശോധിച്ചപ്പോഴെക്കും യുവാവ് നേരത്തെ തന്നെ മരിച്ചതായി കണ്ടെത്തി. തുടര്‍ന്ന് വിശദമായി  പരിശോധിച്ചപ്പോഴാണ് ക്രൂരമായി മര്‍ദനമേറ്റ യുവാവിന്റെ ദേഹമാസകലം പരിക്കേറ്റ പാടുകള്‍ കണ്ടെത്തിയത്‌. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം കൊടുങ്ങല്ലൂര്‍ പൊലീസിനെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വഷണത്തിലാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.

കണ്ണൂര്‍ അഴിക്കലില്‍ ഉള്ള ഐസ് ഫാക്ടറി ഉടമ സാദിഖാണ് കോയമ്പത്തൂരില്‍ നിന്ന് അരുണിനെയും ശശാങ്കനെയും വിളിച്ചുവരുത്തിയതെന്ന് പൊലീസ് കണ്ടെത്തി. അരുണും സാദിഖും തമ്മില്‍ പത്തുലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. പണം തിരിച്ചുകിട്ടാതെ വന്നതോടെ, അത് തിരിച്ചുപിടിക്കാനായാണ് അരുണിനെ കോയമ്പത്തൂരില്‍ നിന്ന് വിളിച്ചുവരുത്തിയത്. തൃശൂരിലെത്തിയ ഇരുവരെയും നാലംഗസംഘം കാറില്‍ പിടിച്ചുകയറ്റി ബന്ദിയാക്കി ക്രൂരമായി മര്‍ദിച്ചു.

മര്‍ദനത്തില്‍ അരുണ്‍ മരിച്ചെന്ന്  വ്യക്തമായതോടെ മൃതദേഹം ഉപേക്ഷിക്കാന്‍ വേണ്ടി ഐസ് ഫാക്ടറി ഉടമയും സുഹൃത്തുക്കളും കണ്ടെത്തിയ മാര്‍ഗമാണ് ആംബുലന്‍സ് വിളിച്ചുവരുത്തല്‍. മൃതദേഹം ആംബുലന്‍സ് കയറ്റിയതിന് പിന്നാലെ നാലംഗസംഘം സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. അരുണിനൊപ്പം കോയമ്പത്തൂരില്‍ നിന്നും എത്തിയ ശശാങ്കനില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ശശാങ്കന്‍ പൊലീസ് കസ്റ്റഡിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!