അമിത ജോലിഭാരത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്…

കൊച്ചി: അമിത ജോലി ഭാരത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ബഹുരാഷ്ട്ര കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങിനെതിരെ ആരോപണവുമായി പിതാവ്. ജോലിക്ക് മേല്‍ അമിത ജോലി നല്‍കുന്ന രീതിയായിരുന്നു കമ്പനിയുടേതെന്ന് മരിച്ച അന്നയുടെ പിതാവ് സിബി ജോസഫ് പറഞ്ഞു.

അന്നയുടെ മരണത്തിന് ശേഷവും കമ്പനിയുടെ ഭാഗത്ത് നിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്. അന്നയുടെ സംസ്‌കാര ചടങ്ങുകളില്‍ പോലും കമ്പനി പ്രതിനിധികള്‍ പങ്കെടുത്തില്ലെന്ന് സിബി ജോസഫ് പറഞ്ഞു.

സിഎ പരീക്ഷ പാസായ ശേഷം അന്ന ആദ്യമായി ജോലിക്ക് കയറിയത് ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയിലാണെന്ന് പിതാവ് പറഞ്ഞു. മാര്‍ച്ച് പതിനെട്ടിന് അവള്‍ ജോലിക്ക് പ്രവേശിച്ചു. ടാക്‌സ് ഓഡിറ്റ് വിഭാഗത്തിലായിരുന്നു അന്നയ്ക്ക് ജോലി. ബജാജ് ഓട്ടോയുടെ അടക്കം ഓഡിറ്റിംഗ് ചെയ്തിരുന്നത് അന്നയായിരുന്നു. ഇത്തരത്തിലുള്ള കമ്പനികള്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ അന്നയ്ക്ക് അമിത ജോലി ഭാരം ഉണ്ടായിരുന്നു. ജോലി കഴിഞ്ഞ് അന്ന വീട്ടിലെത്തുമ്പോള്‍ പലപ്പോഴും രാത്രി ഒന്നര മണിയാകും.

അന്നയ്ക്ക് വീട്ടിലെത്തിയിട്ടും ജോലി ചെയ്യേണ്ടിവന്നിരുന്നുവെന്നും പിതാവ് പറഞ്ഞു. പല ദിവസങ്ങളിലും അന്ന ഉറങ്ങാറുണ്ടായിരുന്നല്ല. അവള്‍ താമസിക്കുന്ന സ്ഥലത്ത് പത്ത് മണിവരെയേ ഭക്ഷണം ലഭിക്കുമായിരുന്നുള്ളൂ. താമസിച്ചു വരുന്നതുകൊണ്ട് അന്ന പലപ്പോഴും ഭക്ഷണം കഴിക്കുമായിരുന്നില്ല. ഉറക്കവും കൃത്യസമയത്ത് ഭക്ഷണവുമില്ലാതെ വന്നതോടെ അന്നയ്ക്ക് ഇടയ്ക്കിടയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു തുടങ്ങിയെന്നും പിതാവ് പറഞ്ഞു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!