പിടിച്ചെടുത്തത് 15000 ലിറ്റർ; ചരിത്രത്തിലെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയുമായി എക്സൈസ് വകുപ്പ്

തൃശൂർ: ചരിത്രത്തിലെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയുമായി സംസ്ഥാന എക്സൈസ് വകുപ്പ്. പട്ടിക്കാട് ചെമ്പുത്രയിൽ ഏതാനും മാസങ്ങളായി കാലിത്തീറ്റ കേന്ദ്രമെന്ന നിലയിൽ പ്രവർത്തിച്ചു വന്ന സ്പിരിറ്റ്‌ ഗോഡൗൺ ആണ് ഇന്റലിജൻസ് വിഭാഗം തുടർച്ചയായ നിരീക്ഷണത്തിലൂടെ കണ്ടെത്തിയത്. എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻഫർമേഷൻ ബ്യൂറോയും, തൃശൂർ ജില്ലാ എക്‌സൈസ് സംഘവും ചേർന്നാണ് വൻ സ്പിരിറ്റ് വേട്ട നടത്തിയത്.

മണ്ണുത്തി സെന്ററിൽ നിന്നു 40 കന്നാസുകളിൽ 1320 ലിറ്റർ സ്പിരിറ്റുമായി ഒരു പിക്കപ്പ് കണ്ടെത്തി. പിന്നാലെ ചെമ്പുത്രയിലെ ഇന്ത്യൻ കോഫി ഹൗസ് പരിസരത്തെ കാലിത്തീറ്റ ഗോഡൗൺ പരിശോധിച്ച് 411കന്നാസുകളിലായി സൂക്ഷിച്ച 13563 ലിറ്റർ സ്പിരിറ്റും കണ്ടെടുത്തു. ഇവിടെ ഒരു പിക്കപ്പ് വാഹനത്തിലും, കാലിത്തീറ്റക്ക് മറവിൽ പ്രത്യേകം പടുത്ത രഹസ്യ അറയിൽ നിന്നുമാണ് സ്പിരിറ്റ്‌ പിടിച്ചെടുത്തത്.

രാത്രി കാലത്തു മാത്രമാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ദുരൂഹത സംശയിച്ചതിനു പിന്നാലെ ഇന്റലിജൻസ് വിഭാഗം രണ്ടാഴ്ചയോളം ഷാഡോ വിങായി പ്രവർത്തിച്ചു. വേഷം മാറിയെത്തി ഉദ്യോഗസ്ഥർ വിവരങ്ങളും ശേഖരിച്ചു. തുടർന്ന് ജില്ലാ എക്‌സൈസ് വിഭാഗവുമായി ചേർന്ന് റെയ്ഡ് നടത്തുകയായിരുന്നു.

ഗോഡൗൺ വാടകക്ക് എടുത്ത എടമുട്ടം, ഉറുമ്പങ്കുന്ന് സ്വദേശികളായ 2 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മണ്ണുത്തിയിൽ പിക്കപ്പ് വാഹനം കടത്താൻ ശ്രമിച്ച ആളെയും അന്വേഷിച്ചു വരുന്നു. ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ എബി പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!