ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഭീകരരെ സുരക്ഷാ സേന വളഞ്ഞു. പൂഞ്ച് ജില്ലയിലെ പന്തനത്തീർ മേഖലയിൽ ആണ് ഏറ്റുമുട്ടൽ. ലഷ്‌കർ ഇ ത്വയ്ബ ഭീകരരെയാണ് സൈന്യം വളഞ്ഞിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് പുലർച്ചെയോടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ഇവിടെ ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയ സേനാംഗങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. നിരവധി ഭീകരാക്രമണ കേസുകളിലെ പ്രതികളെയാണ് സൈന്യം വളഞ്ഞിരിക്കുന്നത് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം ബരാമുള്ള ജില്ലയിലെ പഠാൻ മേഖലയിലും ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഇതിൽ രണ്ട് ജവാന്മാർ വീരമൃത്യുവരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെ പ്രദേശത്തെ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിലുള്ള പ്രതികാരം ആണ് ഇന്നുണ്ടായ ആക്രമണം എന്നാണ് സൂചന.
