ജാമ്യത്തിന് തടസം നിന്നത് സര്‍ക്കാര്‍; കന്യാസ്ത്രീകള്‍ ജാമ്യം നല്‍കിയാല്‍ മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്ന്‌ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം; പ്രതിഷേധം ഇരമ്പുന്നു

തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതില്‍ തടസ്സമായത് ഛത്തിസ്ഗഡ് സര്‍ക്കാറിന്റെ നിലപാടുകള്‍. വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കുമെന്ന ബിജെപി നേതാക്കളുടെ വാക്കുകകള്‍ വെറുംവാക്കായി. കന്യാസ്ത്രീകളുടെ ജാമ്യം അനുവദിക്കുന്നതിനെ ഛത്തിസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തു. എതിര്‍പ്പ് ജഡ്ജിക്ക് എഴുതി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തതത്. വിധി പ്പകര്‍പ്പ് പുറത്തുവരുമ്പോള്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവും ശക്തമാകുകയാമ്. ജാമ്യത്തെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ലെന്നതായിരുന്നു ബിജെപി വാദം. ഇത് തള്ളുന്നതാണ് വിധി പകര്‍പ്പ്.

ദുര്‍ഗിലെ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കവേ കന്യസ്ത്രീകള്‍ക്കു വേണ്ടി അഭിഭാഷകന്‍ വാദം നിരത്തി. അതിനെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അതിശക്തമായി എതിര്‍ക്കുകയായിരുന്നു. സെഷന്‍ 143 പ്രകാരം ഈ കേസ് പരിഗണിക്കാന്‍ കോടതിയ്ക്ക് അവകാശമില്ലെന്നും ജാമ്യഹര്‍ജി തള്ളണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. കന്യാസ്ത്രീകള്‍ ജാമ്യം നല്‍കിയാല്‍ മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചു.

ദുര്‍ഗിലെ ജയിലില്‍ റിമാന്‍ഡില്‍കഴിയുന്ന കന്യാസ്ത്രീകള്‍ കഴിഞ്ഞദിവസം ജാമ്യംതേടി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ നിലപാട്. വിഷയത്തില്‍ ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.

കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ വന്‍ ആഘോഷപ്രകടനം അരങ്ങേറി. ജാമ്യാപേക്ഷ പരിഗണിക്കുമെന്ന വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ മുതല്‍തന്നെ ജ്യോതിശര്‍മ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്നു. കന്യാസ്ത്രീകള്‍ക്ക് ജാമ്യംനല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യവും മുഴക്കി. തുടര്‍ന്ന് കേസ് പരിഗണിച്ചതിന് പിന്നാലെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയില്ലെന്ന് ബജ്റങ്ദളിന്റെ അഭിഭാഷകര്‍ പുറത്തെത്തി അറിയിച്ചു. ഇതോടെയാണ് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ കരഘോഷം മുഴക്കി മുദ്രാവാക്യം വിളികളുമായി ആഘോഷങ്ങള്‍ ആരംഭിച്ചത്.

സിറോ മലബാര്‍ സഭയുടെ കീഴില്‍ ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) സന്ന്യാസസഭയിലെ സിസ്റ്റര്‍മാരായ വന്ദന, പ്രീതി എന്നിവരാണ് ഛത്തീസ്ഗഢില്‍ അറസ്റ്റിലായത്. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കന്യാസ്ത്രീകളെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഇവര്‍ ഗാര്‍ഹിക ജോലികള്‍ക്കായി മൂന്നു പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ചെന്നതാണ്. ഒരു പെണ്‍കുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. ഇതിനിടെ ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുവെക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.

അതേസമം മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേരളത്തില്‍ പ്രതിഷേധം കത്തുകയാണ്. അറസ്റ്റില്‍ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് ക്രൈസ്തവസഭകള്‍ മാര്‍ച്ച് നടത്തി. സംഭവത്തില്‍ വിവിധ സഭകള്‍ സംയുക്തമായിട്ടാണ് പ്രതിഷേധിക്കുന്നത്. കെസിബിസി അധ്യക്ഷന്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാായിരുന്നു പ്രതിഷേധം. ആയിരക്കണക്കിന് വിശ്വാസികളാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!