ഇന്നു മുതൽ തെക്കേ ഇന്ത്യയിൽ രണ്ട് വന്ദേഭാരത് കൂടി; കോളടിച്ചത് കേരളത്തിലെ ഈ ജില്ലക്കാർ…

ചെന്നൈ : ഇന്നു മുതൽ ദക്ഷിണേന്ത്യയിൽ രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി സർവീസ് നടത്തും. ചെന്നൈ എഗ്മോർ – നാഗർകോവിൽ വന്ദേ ഭാരത്, മധുരൈ – ബെംഗളൂരു വന്ദേ ഭാരത് എന്നിവയാണ് ഇന്നു മുതൽ സർവീസ് തുടങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുന്നത്. കേരളത്തിലെ തെക്കൻ ജില്ലകളിലുള്ളവർക്കും ചെന്നൈ എഗ്മോർ – നാഗർകോവിൽ വന്ദേ ഭാരത് ഉപകാരപ്പെടും.

വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി മോദി രണ്ട് വന്ദേ ഭാരതുകളുടെയും ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുക. ഉദ്ഘാടനത്തിനായി സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. വൈകാതെ തന്നെ പ്രധാനമന്ത്രി തമിഴ്നാട് സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പാമ്പൻ പാലത്തിൻറെ ഉദ്ഘടാനത്തിനായാണ് മോദി തമിഴ്നാട്ടിലെത്തുക.

ചെന്നൈ എഗ്മോർ – നാഗർകോവിൽ വന്ദേ ഭാരത് ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും. 724 കിലോമീറ്റർ ദൂരം ഒൻപത് മണിക്കൂർ കൊണ്ടാണ് ട്രെയിൻ പിന്നിടുക. നാഗർകോവിൽ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ബസിന് ചെന്നൈയിലേക്ക് പോകുന്നവർക്ക് സമയത്തിലും ടിക്കറ്റ് ഇനത്തിലും വലിയ ലാഭം ചെന്നൈ എഗ്മോർ – നാഗർകോവിൽ വന്ദേ ഭാരത് നൽകും.

ചെന്നൈ എഗ്മോറിൽ നിന്ന് പുലർച്ചെ 5 മണിയ്ക്ക് പുറപ്പെടുന്ന വന്ദേ ഭാരത് ഉച്ചയ്ക്ക് 1:50ന് നാഗർകോവിലിലെത്തും. മടക്കയാത്ര 2:20ന് ആരംഭിച്ച് രാത്രി 11 മണിയ്ക്ക് ചെന്നൈയിൽ തിരികെയെത്തും. 16 കോച്ചുകളുള്ള വന്ദേ ഭാരതാണ് റൂട്ടിൽ സർവീസ് നടത്തുക. തിരുവനന്തപുരം, കൊല്ലം ജില്ലക്കാർക്ക് ചെന്നൈ യാത്രയ്ക്ക് ഇനി ഈ വന്ദേ ഭാരത് ഉപയോഗിക്കാനാകും. നാഗർകോവിൽ ട്രെയിനുകളും ബസുകളും ഉപയോഗിച്ച് അവിടെയെത്തി വന്ദേ ഭാരതിൽ യാത്ര തുടരാനാകുമെന്നതാണ് കേരളത്തിൻറെ സന്തോഷം.

ചെന്നൈയിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ഓണത്തിന് വന്ദേ ഭാരതിൽ നാട്ടിലെത്താൻ കഴിയും. നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് എക്സ്പ്രസ് ട്രെയിനുകളിൽ ഒന്നരമണിക്കൂറിൽ താഴെ സമയമേ വേണ്ടതുള്ളൂ. ഉച്ചയ്ക്ക് 1:50ന് നാഗർകോവിലിലെത്തിയാൽ ട്രെയിനിലും ബസിലുമായി അതിർത്തികടന്ന് തിരുവനന്തപുരത്തെത്താം. ചെന്നൈ യാത്രക്കും സമാനമായി വന്ദേ ഭാരത് ഉപയോഗപ്പെടുത്താം. തിരുവനന്തപുരത്തുനിന്നു 12:05ന് പുറപ്പെടുന്ന ഐലൻഡ് എക്സ്പ്രസിൽ കയറിയാൽ 1:50ന് നാഗർകോവിലിലെത്താം, തുടർന്ന് 2:20ൻറെ വന്ദേ ഭാരതിൽ യാത്ര ചെയ്യാം

മധുരൈ – ബെംഗളൂരു വന്ദേ ഭാരത് ചൊവ്വാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിലാണ് സർവീസ് നടത്തുക. രാവിലെ 05:15ന് മധുരൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1ന് ബെംഗളൂരുവിലെത്തും. 1:30ന് ആരംഭിക്കുന്ന മടക്കയാത്ര രാത്രി 9:45ന് മധുരയിൽ എത്തിച്ചേരും. ദിണ്ടിഗൽ, ത്രിച്ചി, കാരൂർ, നാമക്കൽ, സേലം, കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. എട്ട് കോച്ചുകളുള്ള ട്രെയിനാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!