രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച്, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


• 41 ഗസ്റ്റ് റൂമുകൾ, ബോർഡ് റൂമുകൾ, കോൺഫറൻസ് ഹാളുകൾ, കോ-വർക്കിംഗ് സ്പേസ്, പ്രത്യേക കഫേ ലോഞ്ച്, ജിം, ലൈബ്രറി, സ്പാ എന്നീ സൗകര്യങ്ങൾ._

• എയർപോർട്ടിനുള്ളിൽ, എന്നാൽ സെക്യൂരിറ്റി ഹോൾഡ് ഏരിയയ്ക്ക് പുറത്ത് ടെർമിനൽ 2 ഏരിയയിൽ.

• യാത്രക്കാർക്കും സന്ദർശകർക്കും ഒരുപോലെ പ്രവേശനം.

കൊച്ചി : യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ഒരുക്കാൻ പുതിയ പദ്ധതിയുമായി  സിയാൽ.   സെപ്തംബർ ഒന്നിന് വൈകീട്ട് 4 ന് പിണറായി വിജയൻ 0484 എയ്‌റോ ലോഞ്ച് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ചാണിത്.

നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ടെർമിനൽ വികസനം,
കൂടുതൽ ഫൂഡ് കോർട്ടുകളുടെയും ലോഞ്ചുകളുടെയും നിർമാണം, ശുചിമുറികളുടെ നവീകരണം എന്നിവയും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. 2022-ൽ രാജ്യത്തെ പ്രമുഖ ആഡംബര ബിസിനസ് ജെറ്റ് ടെർമിനൽ കമ്മീഷൻ  ചെയ്തതിനുശേഷം, 2000-ലധികം സ്വകാര്യ ജെറ്റ് പ്രവർത്തനങ്ങളാണ് സിയാൽ കൈകാര്യം ചെയ്തിട്ടുള്ളത്. ബിസിനസ് ജെറ്റിനായി ഒരുക്കിയിട്ടുള്ള രണ്ടാം ടെർമിനലിലാണ് 0484 എയ്‌റോ ലോഞ്ച് പ്രവർത്തിക്കുക.

‘കുറഞ്ഞ ചെലവിൽ ആഡംബര സൗകര്യം’ എന്ന വിപ്ലവകരമായ ആശയത്തിലൂന്നി നിർമ്മിച്ച 0484 എയ്റോ ലോഞ്ചിലൂടെ, മിതമായ മണിക്കൂർ നിരക്കുകളിൽ പ്രീമിയം എയർപോർട്ട് ലോഞ്ച് അനുഭവമാണ് യാത്രക്കാർക്ക് സാധ്യമാകുന്നത്.  സെക്യൂരിറ്റി ഹോൾഡിംഗ് ഏരിയകൾക്ക് പുറത്തായി, ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകൾക്ക് സമീപത്തായാണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്.

യാത്രക്കാർക്കും അല്ലാത്തവർക്കും ഒരുപോലെ ഈ ലോഞ്ച് സൗകര്യം ഉപയുക്തമാക്കാൻ കഴിയും.
എറണാകുളത്തിന്‍റെ എസ്.ടി.ഡി കോഡില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ലോഞ്ചിന്റെ നാമകരണം.

അകച്ചമയങ്ങളില്‍ കേരളത്തിന്‍റെ പ്രകൃതിലാവണ്യം. കായലും വള്ളവും സസ്യജാലങ്ങളും രൂപകല്‍പ്പനയില്‍ തിടമ്പേറ്റുന്നു. അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിൽ  37 റൂമുകള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, 2 കോണ്‍ഫറന്‍സ് ഹാളുകള്‍, കോ-വര്‍ക്കിങ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്ററന്‍റ്, സ്പാ,  പ്രത്യേകം കഫേ ലോഞ്ച് എന്നിവയെല്ലാം വിശാലമായ ഈ ലോഞ്ചിൽ ഒരുക്കിയിട്ടുണ്ട്.

2023 ഒക്ടോബറില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത 7 മെഗാ പദ്ധതികളില്‍ മൂന്നെണ്ണം ഇതിനോടകം പ്രവര്‍ത്തനം തുടങ്ങി. 0484 എയ്റോ ലോഞ്ച് നാലാമത്തേതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് ആണിത്. സെക്യൂരിറ്റി ഹോള്‍ഡ് മേഖലയ്ക്ക് പുറത്ത്, താരതമ്യേന കുറഞ്ഞ ചെലവില്‍ ലോഞ്ചിന്‍റെ മുന്തിയ അനുഭവം യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ലഭ്യമാക്കുകയാണ് സിയാല്‍”,  സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു.

മന്ത്രിമാരായ പി. രാജീവ്‌, കെ. രാജൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, എം. പി മാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, എം. എൽ. എ മാരായ അൻവർ സാദത്ത്, റോജി എം. ജോൺ, സിയാൽ ഡയറക്ടർമാരായ യൂസഫ് അലി എം. എ., ഇ. കെ. ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എൻ. വി. ജോർജ്, ഇ. എം. ബാബു, പി. മുഹമ്മദ്‌ അലി എന്നിവർക്കൊപ്പം മറ്റ് ജനപ്രതിനിധികളും  ചടങ്ങിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!