തൃശൂർ: കവി രാധാകൃഷ്ണൻ കാക്കശ്ശേരിക്ക് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം. പൂന്താന ദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന പരിപാടിയിൽ മുതിർന്ന സാഹിത്യകാരൻ സി രാധാകൃഷ്ണനാണ് പുരസ്കാരം സമ്മാനിച്ചത്.
ഡോ. കെഎം അനിൽ (പ്രൊഫസർ, എഴുത്തച്ഛൻ പഠന സ്കൂൾ, മലയാള സർവ്വകലാശാല ) പൂന്താന ദിനാഘോഷത്തിൻ്റെയും സാംസ്കാരിക സമ്മേളനത്തിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ചു.
ജ്ഞാനപ്പാനയ്ക്കപ്പുറം ഒരു തത്ത്വചിന്തയുമില്ലെന്ന് പഠിപ്പിച്ച കവിയാണ് പൂന്താനം. മലയാളമെന്ന ചെറിയ ഭാഷയിൽ വലിയ തത്ത്വചിന്ത അവതരിപ്പിക്കാമെന്ന് കാണിച്ചുതന്ന കവി ശ്രേഷ്ഠനാണ് പൂന്താനമെന്നും പൂന്താന ദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. കെഎം അനിൽ പറഞ്ഞു.
ചടങ്ങിൽ പ്രൊഫ. എം ഹരിദാസ് പൂന്താനം അനുസ്മരണ പ്രഭാഷണം നടത്തി. ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ അധ്യക്ഷനായി. ദേവസ്വം ഭരണസമിതി അംഗം സി മനോജ് സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ നന്ദിയും രേഖപ്പെടുത്തി.