തിരുവനന്തപുരം : കഴക്കൂട്ടത്തെ വീട്ടിൽ നിന്ന് കാണാതായി വിശാഖപട്ടണത്ത് വച്ച് കണ്ടെത്തിയ 13 കാരിയെ വിശദമായി കേട്ട് സിഡബ്ല്യുസി. അമ്മ കുറേ ജോലികൾ ചെയ്യിപ്പിക്കുമെന്നും മർദിക്കാറുണ്ടെന്നും കുട്ടി പറഞ്ഞു.
150 രൂപ എടുത്താണ് യാത്ര ചെയ്തത്. തല്ക്കാലം മാതാപിതാക്കളുടെ കൂടെ പോകാൻ താല്പര്യമില്ല. സിഡബ്ല്യുസിയുടെ കീഴിൽ നിന്ന് കേരളത്തിൽ പഠിക്കണം എന്നാണ് ആഗ്രഹമെന്നും കുട്ടി സിഡബ്ല്യുസി ചെയർപേഴ്സൺ ഷാനിബയോട് പറഞ്ഞു.
മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാകും കുട്ടി ഉണ്ടാവുക.വിശദമായ കൗൺസിലിങ്ങിനു ശേഷമായിരിക്കും തുടർ തീരുമാനമുണ്ടാവുക.
നിലവിൽ കുഞ്ഞിന്റെ പൂർണ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും. കൗൺസിലിങ്ങിന് ശേഷമായിരിക്കും മറ്റ് തീരുമാനമെടുക്കുക. കുട്ടി ശിശുക്ഷേമസമിതിയുടെ സംരക്ഷണയിൽ തുടരുന്നതിൽ അമ്മയ്ക്ക് കുഴപ്പമില്ല.കൂടാതെ അസം സ്വദേശികളുടെ മൂന്ന് കുട്ടികളെയും ഏറ്റെടുക്കാൻ സിഡബ്ല്യുസി തീരുമാനിച്ചു.
13 വയസ്സുകാരിയുടെ മാതാപിതാക്കളെ ഉൾപ്പെടെ കൗൺസിലിങ്ങിന് വിധേയമാക്കിയ ശേഷമാണ് തീരുമാനം. കുട്ടികളുടെ പൂർണ്ണ സുരക്ഷ ഉറപ്പുവരുത്തുമെന്ന് സിഡബ്ല്യുസി ഉറപ്പുനൽകി.