തൃശൂർ റെയിൽവേ സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി

തൃശൂർ :  റെയിൽവേ സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകി ഇതര സംസ്ഥാന യുവതി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നു രാവിലെ 10.30 ഓടെയാണ് സംഭവം. ജന്മനാടായ സെക്കന്ദരാബാദിലേക്ക് പോകാനായി എത്തിയ ജസ്ന ബീഗമാണ് റെയിൽവേ സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. സ്റ്റേഷന്‍റെ പിൻഭാഗത്ത് രണ്ടാം ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ എക്സലേറ്ററിന്റെ സമീപത്തുവെച്ചാണ് പൂർണ ഗർഭിണിയായ സ്ത്രീയെ അവശനിലയിൽ യാത്രക്കാരും റെയിൽവേ ജീവനക്കാരും കാണുന്നത്. ജസ്ന ഗർഭിണിയാണെന്നും പ്രസവ വേദനയാണെന്നും തിരിച്ചറിഞ്ഞതോടെ 108 ആംബുലൻസ് സേവനം തേടി. എന്നാൽ ആംബുലൻസ് എത്തുന്നതിന് മുമ്പ് തന്നെ യുവതി പ്രസവിച്ചു.

തൃശ്ശൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അജിതാകുമാരിയുടെ നേതൃത്വത്തിൽ ആർപിഎഫ് എസ്ഐ ഗീതു കൃഷ്ണൻ, പൊലീസുകാരായ രേഷ്മ അർത്ഥന എന്നിവരുടെയും റെയിൽവേ പൊലീസ് എസ് ഐമാരായ മനോജ്, സജി ശ്രീരാജ് എന്നിവരുടെ സഹായത്താലാണ് പ്രസവം പൂർത്തിയാക്കിയത്.

അമ്മയും കുഞ്ഞിനേയും തൃശ്ശൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. യുവതി ഐസിയുവിൽ തുടരുകയാണ്. ഇവരുടെ ഭർത്താവ് മലപ്പുറം ജില്ലയിലാണ് ജോലി ചെയ്യുന്നത്. ഇയാളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!